മാവേലിക്കര: ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് 21-ാം വാർഡിലെ എം.എസ്.സി.എൽ.പി സ്കൂൾ പരിസരത്ത് ഇരുളിന്റെ മറവിൽ മദ്യപാനം പതിവായി. മദ്യപാന ശേഷം ഇവിടെത്തന്നെ മദ്യക്കുപ്പികൾ ഉപേക്ഷിച്ചു പോകുന്നതാണ് പതിവ്.
സ്കൂളിന്റെ തെക്ക് വശത്ത് മതിലിനരികിൽ മദ്യക്കുപ്പികൾ കൂട്ടിയിട്ടിരിക്കുകയാണ്. കൊല്ലനട ദേവീ ക്ഷേത്ര റോഡിൽ സ്കൂളിന് സമീപം തെക്ക് വശത്തുള്ള തെരുവ് വിളക്കുകൾ പ്രകാശിക്കാത്തതാണ് മദ്യപസംഘത്തിന് തുണയാവുന്നത്. മാവേലിക്കര പൊലീസിന്റെ പരിധിയിലാണ് ഈ പ്രദേശം. എന്നാൽ സ്റ്റേഷനിൽ നിന്ന് ദൂരെയുള്ള ഇവിടെ രാത്രികാല പട്രോളിംഗ് ശക്തമല്ല. അതും സാമൂഹ്യ വിരുദ്ധർക്ക് അനുഗ്രഹമാണ്. നാട്ടുകാർ ഇവരെ പേടിച്ച് ചോദ്യം ചെയ്യാൻ വരാറില്ല. പക്ഷേ പൊലീസിനെ വിവരം അറിയിച്ചെങ്കിലും ഇതുവരെ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.
സ്കൂളിന്റെ തെക്ക് ഭാഗത്തുള്ള വൈദ്യുത പോസ്റ്റിൽ തെരുവ് വിളക്ക് പ്രകാശിപ്പിക്കാൻ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിച്ച് തെക്ക് വശമുള്ള റോഡിന്റെ ഇരു വശവും അടിയന്തിരമായി വൃത്തിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
സ്കൂളിന് സമീപത്തുള്ള വൈദ്യുതി പോസ്റ്റിൽ തെരുവ് വിളക്ക് പ്രകാശിപ്പിക്കണം. റോഡിന്റെ ഇരു വശങ്ങളും അടിയന്തിരമായി വൃത്തിയാക്കണം
അനീഷ് കരിപ്പുഴ, പ്രസിഡന്റ്, ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി