mos

ആലപ്പുഴ: ഒരു ഇടവേളക്ക് ശേഷം ജില്ലയിൽ വീണ്ടും ഡെങ്കിപ്പനി ഭീഷണി ഉയർത്തുന്നു. രോഗലക്ഷണമുള്ള മൂന്നുപേർ പ്രതിദിനം ചികിത്സ തേടുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കഴിഞ്ഞ 10ദിവസത്തിനുള്ളിൽ 29പേരാണ് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇവരിൽ 12പേർക്ക് രോഗം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രികളിൽ എത്തുന്നവരുടെ കണക്ക് വേറെയും.

നഗരസഭകളിലും പഞ്ചായത്തുകളിലും കൊതുക് നിയന്ത്രണ പദ്ധതികൾ പാളിയതാണ് രോഗവ്യാപനത്തിന് കാരണമായത്. കൊവിഡ് ഭീതിയുടെ ആശങ്ക ഒഴിഞ്ഞ ആശ്വാസത്തിനിടെയാണ് ഡെങ്കിപ്പനി ഭീതി ഉയർത്തുന്നത്. കഴിഞ്ഞ പത്തുമാസത്തെ കണക്ക് പരിശോധിച്ചാൽ സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനത്തിൽ രണ്ടാം സ്ഥാനത്താണിപ്പോൾ ജില്ല. എറണാകുളമാണ് ഒന്നാമത്.

ലക്ഷണങ്ങൾ

ശരീരവേദന, സന്ധിവേദന, വിട്ടുമാറാത്ത ക്ഷീണം, തലവേദനയോടുകൂടിയ ജ്വരം, വിറയൽ, രക്തത്തിൽ പ്ളേറ്റ്ലെറ്റുകളുടെ അളവ്കുറവ് കുറഞ്ഞാൽ സങ്കീർണമാകും

ശ്രദ്ധിക്കാൻ
വീടുകളുടെ അകത്തും പുറത്തും കൊതുക് പെരുകാനിടയുള്ള ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളിലും പാഴ്വസ്തുക്കളിലും മരപ്പൊത്തുകൾ, മുളംകുറ്റികൾ തുടങ്ങിവയിലും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം പൂർണമായും ഒഴിവാക്കണം. ജോലിസംബന്ധമായോ അല്ലാതെയോ മലിനജലവുമായും മണ്ണുമായും സമ്പർക്കമുണ്ടാകുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ച് ഞായറാഴ്ച്ചകളിൽ ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണം.

ഡ്രൈ ഡേ എവിടെ

ജില്ലയിൽ പല കേന്ദ്രങ്ങളിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ഞായറാഴ്ചകളിൽ ഡ്രൈ ഡേയും ഡോക്സി ഡേയും ആചരിച്ചിരുന്നു. ഇപ്പോൾ മാസങ്ങളായി കൊതുകുനിർമ്മാർജന പ്രവർത്തനങ്ങൾ ജില്ലയിൽ കാര്യക്ഷമമായി നടക്കുന്നില്ല. ഉറവിട നശീകരണ പ്രവർത്തനങ്ങൾ മുടങ്ങിയതോടെ ഡെങ്കിപരത്തുന്ന ഈഡിസ് കൊതുകുകൾ പെരുകി. കൊതുകിന്റെ സാന്ദ്രതാപഠനം കൃത്യമായി നടക്കാത്തതിനാൽ പ്രതിരോധപ്രവർത്തനങ്ങളും കാര്യമായി നടക്കുന്നില്ല.