ആലപ്പുഴ: കരുവാറ്റ പഞ്ചായത്തിലെ താറാവ് കർഷകൻ ചന്ദ്രൻ തോട്ടുകടവിലിന്റെ താറാവുകൾ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. തുടർന്ന് കളക്ടർ വി.ആർ. കൃഷ്ണതേജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗം ഈ മേഖലകളിൽ രോഗപ്രതിരോധ നടപടികൾ ഉർജിതമാക്കാൻ തീരുമാനിച്ചു.

ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഒഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിൽ നടത്തിയ പരിശോധനയിലാണ് സാമ്പിളുകളിൽ എച്ച് -5 എൻ - 1 വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള താറാവുകളെയും മറ്റു പക്ഷികളെയും കൊന്ന് മറവു ചെയ്യും. രോഗബാധ സ്ഥിരീകരിച്ച മേഖലകളിൽ താറാവ്, കോഴി, കാട, വളർത്തുപക്ഷികൾ, ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും 19 വരെ കളക്ടർ നിരോധിച്ചു. തൃക്കുന്നപ്പുഴ, കാർത്തികപ്പള്ളി, ഹരിപ്പാട്, പള്ളിപ്പാട്, കുമാരപുരം, വീയപുരം, ചെറുതന, കരുവാറ്റ, പുറക്കാട്,തകഴി, എടത്വ, തലവടി, അമ്പലപ്പുഴ തെക്ക്, ചമ്പക്കുളം, രാമങ്കരി, നെടുമുടി പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലുമാണ് നിയന്ത്രണം. അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര ഭാഗങ്ങളിൽ പ്രത്യേക പരിശോധന സ്‌ക്വാഡുകൾ രൂപീകരിച്ചു.