 
മാന്നാർ: കൊവിഡ് കാലത്ത് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള രോഗികളെ ആശുപത്രിയിൽ എത്തിക്കാനും മറ്റുമായി കളക്ടറുടെ നിർദ്ദേശപ്രകാരം മാന്നാറിൽ നിന്നു നൽകിയ 108 ആംബുലൻസ് രണ്ടര വർഷത്തിനു ശേഷം തിരികെക്കിട്ടി. അപകടങ്ങൾ തുടർക്കഥയായ മാന്നാറിൽ 108 ആംബുലൻസ് ഇല്ലാതായതിനെക്കുറിച്ച് 'കേരളകൗമുദി' നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
2020 മേയ് ഒന്നിന് കായംകുളം താലൂക്ക് ആശുപത്രിയിലേക്കും 2022 ജനുവരി 6 ന് ആലപ്പുഴ ജില്ലാ ആശുപത്രിയിലേക്കും ആംബുലൻസ് കൈമാറ്റം ചെയ്തു. കൊവിഡ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ആംബുലൻസുകൾ കേസുകൾ കുറഞ്ഞതോടെ അതത് കേന്ദ്രങ്ങളിലേക്ക് തിരികെ എത്തിച്ചെങ്കിലും മാന്നാറിൽ നിന്നു പോയത് മാത്രം ജില്ലാആശുപത്രി വളപ്പിൽ വിശ്രമത്തിലായിരുന്നു. വേറെ എവിടേക്കെങ്കിലും മാറ്റാൻ സാദ്ധ്യതയുള്ളതിനാൽ മാന്നാറിലെ രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകരുടെ ആവശ്യപ്രകാരം സജി ചെറിയാൻ എം.എൽ.എ ഇടപെട്ടതിന്റെ അടിസ്ഥാനത്തിൽ ഇന്നലെയാണ് ആംബുലൻസ് മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഉടൻ തന്നെ കോട്ടയത്തേക്ക് രോഗിയുമായി പോവുകയും ചെയ്തു.
ആംബുലൻസ് ഡ്രൈവറും നഴ്സുമടക്കമുള്ള രണ്ടു ജീവനക്കാർക്ക് വിശ്രമിക്കാനും മറ്റും സൗകര്യമായ ഒരിടം മാന്നാർ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപം നൽകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി, വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം എന്നിവർ പറഞ്ഞു.