ambala

അമ്പലപ്പുഴ: തോട്ടപ്പള്ളിക്കു പടി​ഞ്ഞാറ് കടലി​ൽ മത്സ്യബന്ധന വള്ളങ്ങൾ കൂട്ടിയിടിച്ച് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഴീക്കൽ വലിയവീട്ടിൽ ഷാലു വാഹനന്റെ (കണ്ണൻ-57) മൃതദേഹമാണ് ഇന്നലെ വൈകിട്ട് 5.30 ഓടെ അഴീക്കൽ പടിഞ്ഞാറ് മത്സ്യ ബന്ധനം നടത്തുന്ന ബോട്ടുകാർ കണ്ടെത്തി​യത്.

4 ദിവസമായി തോട്ടപ്പള്ളി കോസ്റ്റൽ പൊലീസും ഫിഷറീസ് ബോട്ടും കോസ്റ്റ്ഗാർഡിന്റെ ബോട്ടും മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളും കണ്ണനു വേണ്ടി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇവരുടെ തെരച്ചിലി​നിടെയാണ് അഴീക്കലിൽ മൃതദേഹം കണ്ടത്. ആലപ്പുഴ മെഡി. ആശുപത്രി​ മോർച്ചറിയിലേക്കു മാറ്റി. ഭാര്യ: പ്രിയദർശിനി. മക്കൾ: റോഷൻ, വർഷ.

ബുധനാഴ്ച പുലർച്ചെ 5 ഓടെ വലിയഴീക്കലിൽ നിന്നു മത്സ്യബന്ധനത്തിനു പോയ മകരമത്സ്യം വള്ളം മുക്കുമ്പുഴ അമ്മ എന്ന വള്ളത്തെ കെട്ടിവലിച്ച് കൊണ്ടുവരുന്നതിനിടെ ശ്രീധർമ്മശാസ്താ വള്ളം ഇടി​ക്കുകയായി​രുന്നു. ഒപ്പമുണ്ടായി​രുന്ന മൂന്ന് പേർ പരി​ക്കേറ്റ് ചി​കി​ത്സയി​ലാണ്.