ഹരിപ്പാട്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നങ്ങ്യാർകുളങ്ങര ഗവ. യു.പി സ്കൂൾ ഓഫീസ് മുറി​യും ചുറ്റുമതിലും പൊളിക്കുന്നത് വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാവും. എൽ.കെ.ജി മുതൽ ഏഴുവരെ ക്ലാസുകളിലായി 230 വിദ്യാർത്ഥികളാണുള്ളത്.

അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ വളരെ പിന്നാക്കം നിൽക്കുന്ന സ്കൂളാണിത്. വേണ്ടത്ര ക്ളാസ് മുറികളോ, സ്റ്റാഫ് റൂമോ ഇല്ല. ഈ സാഹചര്യത്തിലാണ് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്കൂളിന്റെ ഓഫീസ് റൂമും ചുറ്റുമതിലും ഉടൻ പൊളിക്കുമെന്ന അറിയിപ്പ് ലഭിച്ചിരിക്കുന്നത്. താത്കാലിക സംവിധാനങ്ങളൊന്നും ഇല്ല. ഇത് കുട്ടികളുടെ സുരക്ഷിതത്വത്തിന് ഗുരതര ഭീഷണിയാവും. ദേശീയപാതയോട് ഏറ്റവും അടുത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഓഫീസ് മുറി പൊളിക്കുന്നതോടെ വിലപ്പെട്ട രേഖകൾ അടക്കം സൂക്ഷി ക്കാൻ മറ്റു മാർഗ്ഗങ്ങളും ഇല്ലാതാവും.

ചുറ്റുമതിൽ പൊളിക്കുമ്പോൾ താത്കാലിക വേലി കെട്ടണമെന്നും ബദൽ ഓഫീസ് സംവിധാനം ഏർപ്പെടുത്തണമെന്നും മാനേജിംഗ് കമ്മിറ്റി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. എസ്.എം.സി ചെയർമാൻ സുഭാഷ് കടമ്പാട്ട്, അംഗം ലക്ഷ്മണൻ, എസ്.എസ്.ജി അംഗം ബിജു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.