മാന്നാർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ പെരിങ്ങിലിപ്പുറം 151-ാം നമ്പർ ശാഖാ യോഗം ഗുരു ക്ഷേത്രത്തിന്റെ സിൽവർ ജൂബിലി ആഘോഷവും പത്താമത് ശ്രീനാരായണ കൺവൻഷനും നാളെ മുതൽ 18 വരെ നടക്കും. നാളെ വൈകിട്ട് 6.30ന് എസ്.എൻ.ഡി.പി യോഗം ചങ്ങനാശ്ശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ 10-ാമത് ശ്രീനാരായണ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിക്കും. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി കൺവൻഷൻ സന്ദേശം നൽകും. കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠം മഠാധിപതി സ്വാമി ശിവ ബോധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.16 ന് വൈകിട്ട് 6.30ന് സജേഷ് മണലേൽ (കോട്ടയം) ഗുരു സാക്ഷാത് പരബ്രഹ്മ: എന്ന വിഷയത്തിലും 17 ന് വൈകിട്ട് 6.30ന് ചെങ്ങന്നൂർ എക്സൈസ് പ്രിവന്റീവ് ഓഫീസർ സജികുമാർ.പി ലഹരിവിമുക്ത ബോധവത്കരണത്തിലും പ്രഭാഷണം നടത്തും. തുടർന്ന് വിദ്യാഭ്യാസ അവാർഡ്‌ വിതരണം നടക്കും. 18 വിരാവിലെ അനിൽ ശാന്തിയുടെ കാർമികത്വത്തിൽ ക്ഷേത്രത്തിന്റെ പ്രതിഷ്ഠയുടെ അഷ്ടബന്ധനവീകരണം നടക്കും. വൈകിട്ട് 3.30 ന് പഞ്ചാരിമേളം, കൊട്ടക്കാവടി, അലങ്കരിച്ച ഗുരുദേവ രഥം എന്നിവയുടെ അകമ്പടിയോടെ മഹാഘോഷയാത്രയും രാത്രി 9 ന് ഭക്തിഗാനസുധയും ഉണ്ടായിരിക്കും.