ആലപ്പുഴ: വ്യായാമത്തിനും വിശ്രമത്തിനുമായി ആലപ്പുഴ നഗരസഭ ബീച്ചിൽ ഒരുക്കുന്ന ഓപ്പൺ ജിംനേഷ്യവും പാർക്കും യാഥാർത്ഥ്യമാകാൻ കാത്തിരിക്കണം. ജിം ഉപകരണങ്ങൾ സ്ഥാപിക്കാനുള്ള റീ ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. കടലോരത്തായതിനാൽ തുരുമ്പെടുക്കാത്ത സ്റ്റീൽ ഉപകരണങ്ങൾ സ്ഥാപിക്കണമെന്നതാണ് ടെൻഡറെടുക്കുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളി.

നിലവിൽ ബൈപ്പാസിന് സമാന്തര ഫ്ലൈ ഓവറിന്റെ പണി നടന്നുകൊണ്ടിരിക്കുന്നതിനാൽ, ഇത് അവസാനിച്ച ശേഷമേ ജിമ്മിന്റെ പണികൾ ആരംഭിക്കൂ. ജിം ഉപകരണങ്ങൾ സ്ഥാപിക്കാൻ 10 ലക്ഷമാണ് ആദ്യം നഗരസഭ അനുവദിച്ചിരുന്നത്. ഭിന്നശേഷി കുട്ടികൾക്ക് കൂടി പ്രയോജനകരമാകുന്ന കളി ഉപകരണങ്ങൾ സ്ഥാപിക്കാനായി പിന്നീട് തുക 20 ലക്ഷമായി ഉയർത്തിയിരുന്നു. ടൈൽ പാകി നടപ്പാതയും, സ്റ്റേജും ലോണുകളും ഏറെക്കുറെ ചെയ്തിട്ടുണ്ട്. ജിംനേഷ്യം യാഥാർത്ഥ്യമാകും മുമ്പ് തന്നെ വ്യായാമത്തിനായി ജനങ്ങൾക്ക് ഈ സ്ഥലം ഉപയോഗിച്ച് തുടങ്ങാമെന്നാണ് പ്രതീക്ഷ. പാർക്കിന്റെ മേൽനോട്ടത്തിനായി രണ്ട് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. മുൻ യു.ഡി.എഫ് ഭരണസമിതി അമൃത് പദ്ധതിയിൽപ്പെടുത്തിയാണ് പാർക്കും ഓപ്പൺ ജിമ്മും നിർമ്മിച്ചുതുടങ്ങിയത്. കടപ്പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കും ഹോമിയോ ആശുപത്രിക്കുമിടയിൽ അയ്യപ്പൻപൊഴിക്കുസമീപം ഒരേക്കറിലാണ് ഓപ്പൺ ജിംനേഷ്യവും പാർക്കും ഒരുക്കുന്നത്.

# ജനങ്ങൾക്കായി മാറ്റിയെടുത്തു

48 ലക്ഷത്തിന്റേതായിരുന്നു പദ്ധതി. സമൂഹ്യവിരുദ്ധരുടെയും മാലിന്യ നിക്ഷേപത്തിന്റെയും കേന്ദ്രമായിരുന്നു ഇവിടം. ജനങ്ങൾക്കു വിശ്രമിക്കാനുതകുന്ന തരത്തിൽ മാറ്റിയെടുക്കുകയായിരുന്നു. കാറ്റാടി മരങ്ങൾക്കു സമീപത്തുകൂടിയാണ് പാർക്കിൽ നടപ്പാത തയ്യാറാക്കിയിക്കുന്നത്. 790 ചതുരശ്രമീറ്റർ ചുറ്റിവളയുന്നതാണ് നടപ്പാത. തുറന്ന സ്റ്റേജും തയ്യാറാണ്. പ്രദേശത്ത് കൊറിയൻ പുല്ല് വച്ചുപിടിപ്പിക്കുന്ന ജോലിയും പൂർത്തിയായിട്ടുണ്ട്.

...............................

ഫ്ലൈ ഓവറിന്റെ നിർമ്മാണം നടക്കുന്നതിനാൽ അതിനിടയിൽ കൂടി ജിംനേഷ്യത്തിന്റെ നിർമ്മാണം നടത്തുന്നതിൽ സാങ്കേതിക ബുദ്ധിമുട്ടുണ്ട്. ഫ്ലൈ ഓവർ പൂർത്തിയാകുന്ന മുറയ്ക്ക് ജിമ്മിന്റെ ഉപകരണങ്ങൾ സ്ഥാപിക്കും. നിലവിൽ നടപ്പാതയും ലോണുകളും പൂർത്തിയായ പ്രദേശത്ത് ആളുകൾക്ക് വന്നുപോകുന്നതിന് തടസമില്ല

പി.എസ്.എം.ഹുസൈൻ, വൈസ് ചെയർമാൻ, ആലപ്പുഴ നഗരസഭ