vellamkulangara
മൂന്നാമത് എണ്ണയ്ക്കാട് കുട്ടമ്പേരൂർ ഹരിത ജലോത്സവത്തിൽ വെളളംകുളങ്ങര ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു

മാന്നാർ: എണ്ണയ്ക്കാട് കുട്ടമ്പേരൂർ ഹരിത ജലോത്സവത്തിൽ വെളളംകുളങ്ങര ചുണ്ടൻ ജേതാവായി. കരുവാറ്റ ശ്രീവിനായകനാണ് രണ്ടാം സ്ഥാനം.

ഇഞ്ചോടിഞ്ച് പൊരുതിയാണ് സന്തോഷ് ക്യാപ്ടനായ കുട്ടമ്പേരൂർ ബോട്ട് ക്ലബ്ബ് തുഴഞ്ഞ കരുവാറ്റ ശ്രീവിനായകനെ പിന്നിലാക്കി ഫാ. സാം കുട്ടമ്പേരൂർ ക്യാപ്ടനായ എണ്ണയ്ക്കാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ വെള്ളംകുളങ്ങര ഒന്നാമതെത്തിയത്. വെപ്പ് എ ഗ്രേഡ് മത്സരത്തിന്റെ ഫൈനലിൽ സ്റ്റാർര്‍ട്ടറുടെ നിർദ്ദേശം അവഗണിച്ച് തുഴഞ്ഞു പോയ പട്ടേരിപ്പുരയ്ക്കലിനെ അയോഗ്യരാക്കിയതിനാല്‍ ജറോം തോപ്പിൽ ക്യാപ്ടനായ ബോസ്‌കോ ബോട്ട് ക്ലബ്ബ് ഉളുന്തി തുഴഞ്ഞ പഴശ്ശിരാജയെ വിജയിയായി പ്രഖ്യാപിച്ചു. വെപ്പ് ബി ഗ്രേഡ് മത്സരത്തിൽ റെജി അടിവാക്കൽ ക്യാപ്ടനായ നിരണം ബോട്ട് ക്ലബ്ബ് തുഴഞ്ഞ പുന്നത്രപുരയ്ക്കൽ ഒന്നും ശ്രീകുമാർ നെടുംചാലിൽ ക്യാപ്ടനായ പി.ജി കരിപ്പുഴ ബോട്ട് ക്ലബ്ബ് തുഴഞ്ഞ പി.ജി കരിപ്പുഴ രണ്ടും സ്ഥാനങ്ങൾ നേടി.

ജലോത്സവം സജി ചെറിയാൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം.പി ട്രോഫി സമ്മാനിച്ചു. ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു അദ്ധ്യക്ഷയായി. പി.വിശ്വംഭര പണിക്കർ, ജി.രാമകൃഷ്ണൻ, ജിബിൻ പി. വർഗീസ്, ടി.വി.രത്‌നകുമാരി, ജോസഫ് കുട്ടി കടവിൽ, കെ.ആർ മോഹനൻ തുടങ്ങിയവർ സംസാരി​ച്ചു.