welfare-subcentre
മാന്നാർ കുട്ടംപേരൂരിലെ ജീർണ്ണാവസ്ഥയിലായ ഫാമിലി വെൽഫെയർ സബ് സെൻ്റർ കെട്ടിടം

മാന്നാർ : ജീർണാവസ്ഥയിലായ കൂട്ടംപേരൂർ ഫാമിലി വെൽഫെയർ സബ് സെന്ററിന് പുതിയ കെട്ടിടം വേണമെന്ന ആവശ്യവുമായി ഗ്രാമ പഞ്ചായത്തംഗം നൽകിയ നിവേദനത്തിന് അതേ വേദിയിൽ തന്നെ 30 ലക്ഷം രൂപ അനുവദിച്ചതായി എം.എൽ.എയുടെ പ്രഖ്യാപനം. കഴിഞ്ഞ ദിവസം മാന്നാർ ഗ്രാമപഞ്ചായത്ത് കുട്ടംപേരൂർ പന്ത്രണ്ടാം വാർഡിൽ 163-ാം നമ്പർ അങ്കണവാടിക്ക് പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിൽ വാർഡ് മെമ്പർ അജിത് പഴവൂരാണ് സ്വാഗത പ്രസംഗത്തിൽ ഫാമിലി വെൽഫെയർ സബ് സെന്ററിന്റെ ദുരവസ്ഥ വിവരിക്കുകയും ഉദ്ഘാടകനായ സജി ചെറിയാൻ എം.എൽ.എക്ക് നിവേദനം നൽകുകയും ചെയ്തത്. വേദിയിൽ ഉണ്ടായിരുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി, വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, മാവേലിക്കര ബ്ലോക്ക്പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ. പ്രസാദ് എന്നിവരോട് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ സജി ചെറിയാൻ ഫാമിലി വെൽഫെയർ സബ് സെന്ററിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 30 ലക്ഷം രൂപ അനുവദിച്ചതായി ഉദ്ഘാടന പ്രസംഗത്തിൽ പ്രഖ്യാപിക്കുകയായിരുന്നു. വേദിയിലും സദസ്സിലും ഉണ്ടായിരുന്നവർ കരഘോഷത്തോടെയാണ് എം.എൽ.എയുടെ പ്രഖ്യാപനത്തെ സ്വീകരിച്ചത്.