 
കായംകുളം: കായംകുളം നഗരസഭയിൽ കഴിഞ്ഞ മാസം 15-ാം തീയതി മുതൽ ഈ മാസം പത്ത് വരെ കൂടിയ കൗൺസിൽ യോഗങ്ങളുടെ മിനിട്സ് നഗരസഭ കൗൺസിലർമാർക്ക് നൽകാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.
നഗരസഭാ ചട്ടമനുസരിച്ച് യോഗം കഴിഞ്ഞാൽ 96 മണിക്കൂറുകൾക്കകം മിനിട്സ് തയ്യാറാക്കി കൗൺസിലർമാർക്ക് തരാനുള്ള അധികാരം സെക്രട്ടറിക്കാണ്. ചർച്ച ചെയ്യാത്ത കാര്യങ്ങൾ പോലും പാസായതായി രേഖപ്പെടുത്തി അഴിമതി നടത്താനാണ് മിനിട്സ് കൗൺസിലർമാർക്ക് നൽകാതിരിയ്ക്കുന്നതെന്ന് കൗൺസിലമാർ ആരോപിക്കുന്നത്. പത്തിന് നടന്ന കൗൺസിൽ യോഗത്തിൽ അജണ്ടകളും പാസായി എന്നു പറഞ്ഞു ചെയർപേഴ്സൺ യോഗം പിരിച്ചു വിട്ടു. ഇതിൽ പ്രതിഷേധിച്ചാണ് ചെയർപേഴ്സണെ കൗൺസിൽ ഹാളിൽ യു.ഡി.എഫ് അംഗങ്ങൾ പൂട്ടിയിട്ടത്.സ്വന്തം പാർട്ടിക്കാരെ തൊഴിലുറപ്പ് പദ്ധതിയുടെ എൻജിനീയർ, ഓവർസിയർ, അക്കൗണ്ടന്റ് എന്നീ സ്ഥാനങ്ങളിൽ പിൻ വാതിൽ നിയമനം നടത്താനായിരുന്നു പദ്ധതി. ചെയർപേഴ്സൺ ഈ നിയമവിരുദ്ധ നടപടികൾ അവസാനിപ്പിച്ച് വീണ്ടും കൗൺസിൽ യോഗം വിളിച്ച് പത്തിലെ അജണ്ടകൾ ചർച്ച ചെയ്യണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യം . ഇല്ലെങ്കിൽ ചെയർപേഴ്സൺന്റെയും സെക്രട്ടറിയുടെയും തെറ്റായ നടപടികൾക്ക് എതിരെ യു.ഡി.എഫ് നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഇന്ന് വൈകിട്ട് അഞ്ചിനുള്ളിൽ എല്ലാ കൗൺസിൽ യോഗങ്ങളുടെയും മിനിട്സ് നൽകാമെന്ന സെക്രട്ടറിയുടെ ഉറപ്പിന് മേൽ ഉപരോധം താത്കാലികമായി അവസാനിപ്പിച്ചു. കൗൺസിലർമാരായ എ.ജെ.ഷാജഹാൻ, എ.പി.ഷാജഹാൻ, അൻസാരി കോയിക്കലേത്ത്,പി.സി.റോയ് തുടങ്ങിയവർ പങ്കെടുത്തു.