വള്ളികുന്നം: അറവ് മാലിന്യം തോടുകളിൽ തള്ളുന്നത് വള്ളികുന്നം നിവാസികൾക്ക് ദുരിതമേറുന്നു. നീരൊഴുക്കുതോട്ടിലാണ് വൻതോതിൽ അറവു മാലിന്യം തള്ളുന്നത്. തോട്ടിൽ അടിഞ്ഞ് കിടക്കുന്ന മാലിന്യങ്ങൾ ചീഞ്ഞളിയുകയാണ്. തോടിന്റെ സമീപത്തെ വീടുകളിൽ താമസിക്കുന്നവർ ദുർഗന്ധം സഹിച്ചാണ് ജീവിക്കുന്നത്. തോടിനു സമീപമുള്ള കിണറുകൾ മലിനമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. പ്രദേശത്ത് ഭൂരിഭാഗം വീട്ടുകാരുടെ ആശ്രയം കിണർ വെള്ളമാണ്. വൃത്തിഹീനമായ വെള്ളം ഒഴുകുന്നത് തോട്ടിൽ പകർച്ചവ്യാധി രോഗങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞ ദിവസം രാത്രി വള്ളികുന്നം കാമ്പിശ്ശേരി പള്ളം റോഡിനു കുറുകെയുള്ള തോട്ടിലാണ് മാലിന്യം തളളിയത്. പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലും നിറച്ച മാലിന്യം തോട്ടിലെ വെള്ളത്തിൽ പല സ്ഥലങ്ങളിലായി കെട്ടിക്കിടക്കുന്നുണ്ട്. ഇടക്കാലത്തിനു ശേഷമാണ് വള്ളികുന്നത്ത് ഇത്രയുമധികം മാലിന്യം ഒന്നിച്ചു തള്ളിയതെന്നാണ് നാട്ടുകാരുടെ ആരോപണം . ഇതിനെതിരെ പഞ്ചായത്തടക്കം കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടു.
........
വാഹനത്തിൽ എത്തിച്ചു മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. പ്രദേശത്തെ വെളിച്ചക്കുറവാണു ഇത്തരക്കാർക്ക് സഹായമാകുന്നത്.
രതീഷ്, പ്രദേശവാസി
.........
രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കണം. മാലിന്യം നീക്കം ചെയ്ത് പ്രദേശം അണുവിമുക്തമാക്കാനുള്ള നടപടി അർടിയന്തരമായി അധികൃതർ സ്വീകരിക്കണം .
അബ്ദുൽ നാസർ, പ്രദേശവാസി