c
പള്ളിപ്പുറം മലബാർ സിമന്റ് കമ്പനിക്ക് സമീപമുള്ള ചാർജിംഗ് പോയിന്റിൽ കാർ ചാർജ് ചെയ്യുന്നു

പൂച്ചാക്കൽ: ഇലക്ട്രിക് പോസ്റ്റുകളിൽ ഇരുചക്ര, മുച്ചക്ര ഇലക്ട്രിക് വാഹനങ്ങൾക്കും കാറുകൾക്കും ചാർജിംഗ് സംവിധാനമൊരുക്കി കെ.എസ്.ഇ.ബി. പഞ്ചായത്തുകളി​ൽ ഒന്നുവീതം എന്ന നിലയിൽ പൂച്ചാക്കൽ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ പള്ളിപ്പുറം മലബാർ സിമന്റ് ഫാക്ടറിക്ക് സമീപം, മാക്കേകടവ് കവല, പൂച്ചാക്കൽ പൊലീസ് സ്റ്റേഷനു സമീപം എന്നി​വി​ടങ്ങളി​ലാണ് ചാർജിംഗി​ന് സൗകര്യം.

അരൂക്കുറ്റി സെക്ഷനിലെ കാരിപ്പോഴി, പെരുമ്പളം, അരൂക്കുറ്റി വില്ലേജ് ഓഫീസ് പരിസരം എന്നിവിടങ്ങളിലും ചാർജിംഗ് സംവിധാനമുണ്ട്. ഇതോടെ ഇലക്ട്രി​ക് വാഹനങ്ങളി​ലെ ദൂരയാത്രി​കരുടെ ആശങ്കയ്ക്ക് പരിഹാരമാകും. എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സജ്ജമായിക്കഴിഞ്ഞു. റോഡരികിലെ ഇലക്ട്രിക് പോസ്റ്റുകളിൽ തന്നെ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് വഴി ചെലവ് കുറയ്ക്കാനാകും എന്നാണ് വിലയിരുത്തൽ.

മൊബൈൽ ആപ്പ് വഴി

ചാർജ്‌ മോഡ് എന്ന ആപ്ളിക്കേഷൻ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യണം. ചാർജിംഗിനായി ആളുടെ പേരും രഹസ്യ നമ്പറും നൽകണം. ചാർജിംഗ് ഓപ്ഷൻ എടുക്കുമ്പോൾ ക്യു ആർ കോഡ് സ്‌കാൻ ചെയ്യാനുള്ള ഓപ്ഷൻ വരും. തുടർന്ന് ചാർജിംഗ് യൂണിറ്റിന് പുറത്തുള്ള ക്യു ആർ കോഡ് സ്‌കാൻ ചെയ്യണം. ചാർജിംഗ് പൂർത്തിയാവുകയോ മതിയെന്ന് തോന്നിയാലോ മൊബൈൽ ഫോണിലെ സ്റ്റോപ്പ് അമർത്തി അവസാനിപ്പിക്കാം. ജില്ലയിൽ 41 ചാർജിംഗ് പോയിന്റുകളുണ്ട്. ഇവ എവിടെയൊക്കെയാണെന്ന് മൊബൈൽ ആപ്പ് വഴി കണ്ടെത്താനാകും.

പ്രീപെയ്ഡ് സംവിധാനം

 ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് തുക അടയ്ക്കാം

 പ്രീപെയ്ഡ് സംവിധാനമാണ് ഉപയോഗിക്കുന്നത്

 106 രൂപയ്ക്ക് 10 യൂണിറ്റ് വൈദ്യുതി ലഭിക്കും.