ആലപ്പുഴ നഗരത്തി​ൽ ഫുഡ് ആർട്ട് സ്ട്രീറ്റ് പദ്ധതി​

ആലപ്പുഴ : നഗരത്തി​ൽ അഴകോടെ ആലപ്പുഴ പദ്ധതി​യുടെ ഭാഗമായി​ ഫുഡ് ആർട്ട് സ്ട്രീറ്റൊരുങ്ങും.നഗരസഭ സിവിൽസ്റ്റേഷൻ വാർഡിൽ ലൈറ്റ് ഹൗസിനു സമീപത്തുനിന്നും തെക്കോട്ട് എഫ്.സി.ഐ ഗോഡൗണിനു മുന്നിലൂടെയുള്ള എലിഫന്റ് ഗേറ്റ് റോഡ് വൈകി​ട്ട് 5 മുതൽ രാത്രി 12 മണിവരെ ഫുഡ് ആർട്ട് സ്ട്രീറ്റാക്കി മാറ്റാനാണ് നഗരസഭ കൗൺസി​ലി​ന്റെ അടിയന്തര യോഗം തീരുമാനിച്ചത്.
ആലപ്പുഴയുടെ പാരമ്പര്യവും പ്രൗഢിയും നിറഞ്ഞ തെരുവുകളുടെ മനോഹാരിത നഷ്ടപ്പെടാതെ ആധുനികവത്കരിക്കുന്നതാണ് പദ്ധതി. ഈ തെരുവിനെ പൂർണ്ണമായും സൗന്ദര്യവൽക്കരിച്ച്, നിലവിലെ ഗോഡൗണിന്റെ പ്രവർത്തനങ്ങളെ ബാധിക്കാതെ വൈകുന്നേരമാണ് സ്ട്രീറ്റ് പ്രവർത്തിക്കുക. നിരവധി പാർക്കിംഗ് ഏരിയകളും, ഹട്ടുകളും, കലാ സന്ധ്യകൾക്കുള്ള വേദിയും, കുട്ടികൾക്കുള്ള കളി സ്ഥലങ്ങളും, കളറിംഗ് ഫ്‌ളോറുകളും, 20 ഓളം മൂവബിൾ ഫുഡ് ട്രക്കുകളും, ഐസ് ക്രീം ജ്യൂസ് സ്‌പോട്ടുകളും, കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ഫുഡ് ട്രക്കും അടക്കം ഒരുക്കുന്നതാണ് ഫുഡ് -ആർട്ട് സ്ട്രീറ്റ് പദ്ധതി.
അഴകോടെ ആലപ്പുഴ പദ്ധതി ഫണ്ട്, തനത് ഫണ്ട്, സി.എസ്.ആർ ഫണ്ട് എന്നിവയിൽ നിന്നും ഫണ്ട് കണ്ടെത്തി പി.ഡബ്ള്യു.ഡി വിഭാഗവുമായി ചർച്ച ചെയ്ത് നഗരസഭ ഇതിനാവശ്യമായ പൊതു സൗകര്യങ്ങൾ ക്രമീകരിക്കും.
പൂർണ്ണമായും ശിശു സൗഹൃദമായ ഈ തെരുവിൽ കുട്ടികൾക്കായുള്ള പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. കളികളും, പരിപാടികളും കാണാൻ കഴിയുന്ന പ്രൊജക്ടർ സ്‌ക്രീൻ സൗകര്യം, ആർട്ട് ഫോട്ടോഗ്രാഫി, എക്‌സിബിഷൻ ഏരിയ, സാംസ്‌കാരിക പരിപാടികൾക്കും കൂട്ടായ്മകൾക്കുമായ് ആംഫി തിയേറ്റർ, മനോഹരമായ അലങ്കാര ദീപങ്ങൾ എന്നിവയുള്ള പദ്ധതി പുതുവർഷത്തോടെ നടപ്പാക്കും.