ഹരിപ്പാട് : മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിൽ ആയില്യം മഹോത്സവത്തിന്റെ ഭാഗമായി ഒൻപതാമത് മണ്ണാറശാല ശ്രീനാഗരാജ പുരസ്കാരദാനം നടന്നു. സദനം വാസുദേവൻ (വാദ്യം),ഡോ.ടി.വി. ഗോപാലകൃഷ്ണൻ (ഗീതം), കലാമണ്ഡലം ശിവൻ നമ്പൂതിരി (നാട്യം),കലാമണ്ഡലം സുഗന്ധി (നൃത്തം) എന്നിവരാണ് പുസ്കാര ജേതാക്കൾ. 25000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം. പാലക്കാട് സ്വദേശിയായ സദനം വാസുദേവൻ സംസ്ഥാന സർക്കാരിന്റെ പല്ലാവൂർ അപ്പുമാരാർ പുരസ്കാരമുൾപ്പെടെ അനവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. തൃപ്പൂണിത്തുറ സ്വദേശിയായ ഡോ.ടി.വി.ഗോപാലകൃഷ്ണന് പത്മഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ട് .ശബ്ദസംസ്കരണം, മ്യൂസിക് തെറാപ്പി തുടങ്ങിയ വൈജ്ഞാനിക ശാഖകളിലും ഗോപാലകൃഷ്ണന്റെ സംഭാവനകളേറെയാണ്. കൂടിയാട്ടത്തിൽ പകരം വയ്ക്കാനില്ലാത്ത പ്രതിഭയാണ് പത്മശ്രീ പുരസ്കാരം നേടിയ കലാമണ്ഡലം ശിവൻ നമ്പൂതിരി. 30 വർഷം കലാമണ്ഡലത്തിൽ അദ്ധ്യാപകനായിരുന്നു. മോഹിനിയാട്ട നർത്തകിയായ ഡോ.കലാമണ്ഡലം സുഗന്ധി ഡോ.പത്മ സുബ്രഹ്മണ്യത്തിന്റെ നൃത്തഗ്രന്ഥം മലയാളത്തിലേക്ക് ഹസ്തരത്നാകരം എന്ന പേരിൽ പരിഭാഷപ്പെടുത്തിയി​ട്ടുണ്ട്. പുരസ്കാരദാന സമ്മേളനം മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. മുതിർന്ന കുടുംബാംഗം എം.ജി.ജയകുമാർ അധ്യക്ഷത വഹിച്ചു. ഗൗരി സാവിത്രി, ആത്മജ ശ്രീദേവി എന്നിവരുടെ ഈശ്വര പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പുരസ്കാര ജേതാക്കൾക്ക് നാടിന്റെ ആദരസമർപ്പണം നഗരസഭ ചെയർമാൻ കെ .എം.രാജു നിർവഹിച്ചു. കലാ ഗവേഷകൻ സജനീവ് ഇത്തിത്താനം ആമുഖപ്രസംഗം നടത്തി​. കാർണവന്മാരിൽ ഒരാളായ എം.ജി.ജയകുമാർ പുരസ്കാരദാനം നിർവഹിച്ചു. മുതിർന്ന കുടുംബാംഗം എം.എസ് വാസവൻ പ്രശംസാപത്ര സമർപ്പണം നടത്തി. സാരംഗ ഡാൻസ് അക്കാദമി ഡയറക്ടർ എസ്.കൃഷ്ണകുമാർ, അമ്പലപ്പുഴ വിജയകുമാർ, കലാമണ്ഡലം ജിഷ്ണു പ്രതാപ്, ഹരിപ്പാട് എം. എസ്.രാജു എന്നിവർ സംസാരിച്ചു. എൻ. ജയദേവൻ സ്വാഗതവും എസ്. നാഗദാസ് നന്ദിയും പറഞ്ഞു.