
കായംകുളം : കെ.എസ്.ആർ.ടി.സി ബസിൽ വനിതാ കണ്ടക്ടർക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണമംഗലം മറ്റം വടക്ക് തോട്ടു കണ്ടത്തിൽ വീട്ടിൽ ആൽബർട്ട് പൗലോസ് (34) ആണ് അറസ്റ്റിലായത് . കഴിഞ്ഞ ദിവസം കായംകുളത്തു നിന്ന് താമരക്കുളത്തേക്ക് പോയ ബസിലെ കണ്ടക്ടറോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്.
നഗ്നതാപ്രദർശനം നടത്തിയ ആൽബർട്ട്, കണ്ടക്ടർ ബഹളം വയ്ക്കുകയും യാത്രക്കാർ ഇടപെടുകയും ചെയ്തപ്പോൾ ബസിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഒളിവിൽ പോയ ആൽബർട്ടിനെ മാവേലിക്കരയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് മുമ്പും ഇയാൾ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ നിർദ്ദേശാനുസരണം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീകുമാർ, മുരളീധരൻ നായർ, സിവിൽ പൊലീസ് ഓഫീസർമാരായ ദീപക്, വിഷ്ണു, ശരത്, ഷാജഹാൻ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.