hdhe

ഹരിപ്പാട് : പുണ്യഭൂമിയായ മണ്ണാറശാലയിൽ ഇന്ന് പൂയം തൊഴൽ നടക്കും. രാവിലെ 9.30 മുതൽ സർപ്പയക്ഷിയമ്മയുടെയും നാഗരാജാവിന്റെയും ശ്രീകോവിലുകളിൽ ചതുശ്ശത നിവേദ്യത്തിന് ശേഷം തിരുവാഭരണം ചാർത്തി നടത്തുന്ന പൂയം നാളിലെ ഉച്ചപൂജ ദർശന പ്രധാനമാണ്. വൈകിട്ട് 5നാണ് പൂയംതൊഴൽ.

ഇന്ന് രാവിലെ ആറിന് ഭാഗവത പാരായണം, എട്ടിന് ഓട്ടൻതുള്ളൽ, 9.30ന് ഹരികഥ, 9.30ന് നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തി ചതുശ്ശത നിവേദ്യത്തോടെയുള്ള ഉച്ചപൂജ, 11ന് സംഗീതക്കച്ചേരി, 11ന് ക്ഷേത്രത്തിന്റെ തെക്കേ നടയിലെ മണ്ണാറശാല യു.പി സ്കൂളിൽ പ്രസാദമൂട്ട്, ഒന്നിന് ആദ്ധ്യാത്മിക പ്രഭാഷണം. 2.30ന് ഭക്തിഗാനാമൃതം, 4.30ന് കിഴക്കൂട്ട് അനിയൻ മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം. 5 മുതൽ പൂയം തൊഴൽ, 6ന് നൃത്തസന്ധ്യ. 7ന് സംഗീതസദസ്, 10ന് കഥകളി. ആയില്യം നാളായ 16ന് പുലർച്ചെ 4ന് നടതുറക്കും. കുടുംബ കാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജ നടക്കും. രാവിലെ 8ന് ആദ്ധ്യാത്മിക പ്രഭാഷണം, 9.30ന് സംഗീതസദസ്, 11.30ന് കവിയരങ്ങ്, 2.30ന് പി.പി. ചന്ദ്രൻ മാസ്റ്ററുടെ പാഠകം, 1.30ന് വീണക്കച്ചേരി, 3ന് ഹിന്ദുസ്ഥാനി സംഗീതസദസ്, 5ന് നാഗസുകൃതം സംഗീത നൃത്തശില്പം, 6.30ന് തിരുവാതിര, 8ന് കുച്ചിപ്പുടി അരങ്ങ്, 10ന് നൃത്തനാടകം ദേവഗാന്ധാരം.

മനം കവർന്ന് മഹാദീപക്കാഴ്ച
മഴമേഘങ്ങളൊഴി​ഞ്ഞു നി​ന്ന സന്ധ്യയിൽ മണ്ണാറശാലയിൽ നടന്ന മഹാദീപക്കാഴ്ച ദർശന പുണ്യമായി.

വൈകിട്ട് മുതൽ പെയ്ത മഴ മഹാദീപക്കാഴ്ചയ്ക്കായി വഴിമാറുകയായിരുന്നു. ഇളയ കാർണവർ എം.കെ. കേശവൻ നമ്പൂതിരി നാഗരാജാവിന്റെ നടയ്ക്ക് മുൻപിൽ ഒരുക്കിയിരുന്ന വിളക്കിൽ ദീപം തെളിയിച്ച് മഹാദീപക്കാഴ്ചയ്ക്കും ഈ വർഷത്തെ ആയില്യം മഹോത്സവത്തിനും തുടക്കം കുറിച്ചു. തുടർന്ന് ക്ഷേത്രത്തിന് അകത്തും പുറത്തുമായി സജ്ജീകരിച്ചിരുന്ന ലക്ഷക്കണക്കിന് ദീപങ്ങൾ കുടുംബാംഗങ്ങളും ഭക്തജനങ്ങളും ചേർന്ന് തെളിച്ചു.

തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ

ക്ഷേത്രത്തിൽ തിരക്ക് ഒഴിവാക്കാനും സുഗമമായ ദർശനത്തിനുമായി ഭക്തരെ ഇന്നും നാളെയും ഓരോ ഗ്രൂപ്പുകളായി മാത്രമേ ക്ഷേത്രത്തിലേക്ക് കടത്തിവിടുകയുള്ളു. പടിഞ്ഞാറേ നടയിലെ കവാടത്തിലൂടെ പ്രവേശനം അനുവദിക്കില്ല. പകരം പടിഞ്ഞാറേ നടയിൽ പ്രത്യേകം തയ്യാറാക്കിയ നടവരിയിൽ കൂടി വരിയായി നിന്ന് കിഴക്കേ നടയിലൂടെ വേണം ഉള്ളിലേക്ക് പ്രവേശിക്കാൻ. 50 മുതൽ 60 പേരടങ്ങുന്ന സംഘങ്ങളായാണ് കടത്തിവിടുന്നത്. ഒരു മിനിട്ടിൽ 100 പേരെ പ്രധാന നടയിലേക്ക് കടത്തിവിടും. നിലവറയുടെ ഭാഗത്തും ഈ ക്രമീകരണങ്ങളാണ് ഉണ്ടാവുക. നിലവറയിൽ തൊഴുതശേഷം വടക്ക് ഭദ്റകാളി നടവഴി മന്ദാരം റോഡിലിറങ്ങി പ്രധാന റോഡിലെത്താം. ബാരിക്കേഡുകൾക്ക് ഇരുവശങ്ങളിലും പൊലീസ് നിലയുറപ്പിക്കും. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നു കെ.എസ്.ആർ.ടി.സി പ്രത്യേക സർവ്വീസുകൾ നടത്തും.

ഗതാഗത നിയന്ത്രണം

ഇന്ന് വൈകിട്ട് 4 മുതൽ ആയില്യം നാളിൽ വൈകിട്ട് 4 വരെ മണ്ണാറശാല ക്ഷേത്രം റോഡിൽ ഗതാഗത നിയന്ത്രണമുണ്ടാവും. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മുതൽ മണ്ണാറശാല ക്ഷേത്രം വരെയുള്ള റോഡ് വൺവേയാക്കും. ദർശനം കഴിഞ്ഞ് മടങ്ങിപ്പോകുന്നവർ മണ്ണാറശാല ക്ഷേത്രത്തിൽ നിന്ന് പടിഞ്ഞാറേക്ക് തിരിഞ്ഞ് ഡാണാപ്പടി വഴി പോകണം.

മാധവ ജംഗ്ഷൻ, ഏഴിക്കകത്തു ജംഗ്ഷൻ, വീയപുരം എന്നിവിടങ്ങളിൽ നിന്നു വരുന്ന ചെറിയ വാഹങ്ങൾ ടൗൺ ഹാൾ ജംഗ്ഷനിൽ നിന്നു പടിഞ്ഞാറോട്ട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം വഴി വടക്കോട്ട് പോയി ചുടുകാട് ജംഗ്ഷനിൽ നിന്നു പടിഞ്ഞാറോട്ട് തിരിഞ്ഞു മണ്ണാറശാല ക്ഷേത്ര പരിസരത്തും സ്കൂൾ പരിസരത്തും സജ്ജീകരിച്ചിട്ടുള്ള സൗജന്യ പാർക്കിംഗ് കേന്ദ്രങ്ങളിൽ പാർക്ക് ചെയ്യണം. ഇതുവഴി വരുന്ന വലിയ വാഹങ്ങൾ ടൗൺ ഹാൾ ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കി അനുയോജ്യമായ സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം. ക്ഷേത്രത്തിൽ നിന്നു പുറത്തേക്ക് വരുന്ന വാഹനങ്ങൾ മണ്ണാറശാല സ്കൂളിന്റെ കിഴക്കുവശത്തെ റോഡിലൂടെ തെക്കോട്ട് നീങ്ങി ആൽത്തറ ജംഗ്ഷനിൽ നിന്നു പടിഞ്ഞാറോട്ട് പോയി ദേശീയപാതയിൽ പ്രവേശിക്കണം.