s

കായംകുളം : കായംകുളം ജലോത്സവത്തിന് ശേഷം വീയപുരം ചുണ്ടൻ വള്ളത്തിലെ തുഴച്ചിൽക്കാരെ കമ്പി കഷ്ണങ്ങളും തടികഷ്ണങ്ങളും ഉപയോഗിച്ച് ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിലെ ഒന്നാം പ്രതി കായംകുളം ചിറക്കടവം മാളിക പടീറ്റതിൽ വീട്ടിൽ സുധീറിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു.

മത്സര വള്ളംകളിയ്ക്ക് ശേഷം, വാഹനം പാർക്ക് ചെയ്തിരുന്ന ഗോകുലം ഗ്രൗണ്ടിലെത്തി തുഴച്ചിൽക്കാർ ജഴ്സി മാറുന്ന സമയത്താണ് പ്രതികൾ സംഘടിച്ചെത്തി ആക്രമിച്ചത്. ആക്രമണത്തിൽ തലയോട്ടിക്ക് മാരകമായി പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. പിടിയിലായ സുധീർ കായംകുളം ഗവ. ആശുപത്രിയിൽ ആക്രമണം നടത്തിയ കേസിലെ പ്രതിയാണ്. ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി കായംകുളം പൊലീസ് അറിയിച്ചു. കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐമാരായ ഉദയകുമാർ, ശ്രീകുമാർ, പൊലീസുകാരായ ദീപക്, വിഷ്ണു, ശരത്, ഷാജഹാൻ, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്‌