ഹരിപ്പാട് : കുമാരപുരം എരിക്കാവ് ഗുരുദേവ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് എന്ന ധനകാര്യ സ്ഥാപനത്തിൽ നടന്ന നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നാല് ബോർഡ് അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു . എരിക്കാവ് പൂഴിക്കാട്ടിൽ വീട്ടിൽ അജിത് ശങ്കർ , ഊടത്തിൽ കിഴക്കേതിൽ സുകുമാരൻ, കണ്ടലിൽ വീട്ടിൽ രാജപ്പൻ, സ്ഥാപനത്തിൻെറ ട്രഷറർ മണിലാലിന്റെ ഭാര്യ ദീപ്തി മണിലാൽ എന്നിവരെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ദീപ്തിയുമായി ബന്ധപ്പെട്ട കേസുകൾ വീയപുരം പൊലീസ് സ്റ്റേഷനിലാണ് കൈകാര്യം ചെയ്യുന്നത് എന്നതിനാൽ വീയപുരം പൊലീസിന് കൈമാറി.
ഇന്നലെ രാവിലെ 6 മണിയോടെ തൃക്കുന്നപ്പുഴ എസ്‌എച്ച് ഒ യുടെ നേതൃത്വത്തിൽ നാലുപേരുടെയും വീടുകളിൽ എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ധനകാര്യ സ്ഥാപനത്തിന്റെ പ്രസിഡന്റ് എം.ചന്ദ്രമോഹൻ, വൈസ് പ്രസിഡന്റ് സതീശൻ, സെക്രട്ടറി ടി. പി പ്രസാദ്, ട്രഷറർ മണിലാൽ എന്നിവർ ഒളിവിലാണ്. 47 പരാതികളിൽ തൃക്കുന്നപ്പുഴ പൊലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാൽ നിക്ഷേപകരുടെ എണ്ണൂറിൽപ്പരം പരാതികളാണ് കാർത്തികപ്പള്ളി ലീഗൽ സർവീസസ് കമ്മിറ്റിക്ക് ലഭിച്ചത്. ഇതിൽ ആദ്യം ലഭിച്ച 300 പരാതികൾ ശനിയാഴ്ച്ച ഹരിപ്പാട് കോടതിയിൽ നടന്ന അദാലത്തിൽ പരിഗണിച്ചു. ആറ് മാസത്തിനുള്ളിൽ പരിഹാരം കാണാമെന്നാണ് ധനകാര്യ സ്ഥാപന ഉടമസ്ഥർക്ക് വേണ്ടി അദാലത്തിൽ ഹാജരായ അഭിഭാഷകർ അറിയിച്ചത്.