ഹരിപ്പാട്: ദേശീയപാതയിൽ ആംബുലൻസും പെട്ടിഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. യൂണിയൻ ബാങ്കിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു അപകടം.
ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം കറ്റാനം സ്റ്റാൻലി വില്ലയിൽ സ്റ്റാൻലിയുമായി പോയ ആംബുലൻസും പാചകവാതക സിലിണ്ടർ വിതരണം ചെയ്യുന്ന പെട്ടി ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പെട്ടി ഓട്ടോറിക്ഷ ഡ്രൈവർ താമല്ലാക്കൽ കാവുങ്കൽ വടക്കതിൽ അബ്ദുൾ ലത്തീഫ് (64 ), റഫീഖ് (34), ആംബുലൻസ് ഡ്രൈവർ കായംകുളം രണ്ടാംകുറ്റി തോപ്പിൽ തെക്കതിൽ നിഷാദ് (22), ആംബുലൻസിലുണ്ടായിരുന്ന സ്റ്റാൻലിയുടെ പിതാവ് ചാക്കോ( 54), ഭരണിക്കാവ് സ്വദേശി അലയ് രാജ് (19 ) എന്നിവർക്കാണ് പരിക്കേറ്റത്. സ്റ്റാൻലി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ ആംബുലൻസ് തെന്നി മറിയുകയായിരുന്നു. പരിക്കേറ്റവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ചാക്കോയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.