t
t

# ജില്ലയിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു

# ജാഗ്രത കാട്ടാതെ ആരോഗ്യവകുപ്പ്


ആലപ്പുഴ: എലിപ്പനിക്കും ഡെങ്കിപ്പനിക്കും ഒപ്പം ജില്ലയിൽ ചെള്ളുപനിയും സ്ഥിരീകരിച്ചത് ആശങ്കയായി. കഴിഞ്ഞ മാസം 11നാണ് ഒരാൾക്ക് രോഗം പിടിപെട്ടത്. പകർച്ചവ്യാധികൾ പടരുമ്പോൾ വ്യാപനം തടയാൻ രോഗ ലക്ഷണങ്ങളും മുൻകരുതലുകളും ആരോഗ്യവകുപ്പ് പുറപ്പെടുവിക്കാറുണ്ട്. എന്നാൽ ചെള്ളുപനിക്കെതിരെ ബോധവത്കരണ പോസ്റ്റർ ഇറക്കാൻ പോലും തയ്യാറായില്ല.

മലയോര മേഖലകളിൽ കണ്ടുവരുന്ന ചെള്ളുപനി ജില്ലയിൽ അപൂർവമാണ്. കാരണം കണ്ടെത്താനുള്ള ശ്രമങ്ങളും നടന്നിട്ടില്ല. സംസ്ഥാന ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം വിവിധ ജില്ലകളിലെ രോഗങ്ങളുടെ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയപ്പോഴാണ് ജില്ലയിൽ ചെള്ളുപനി സ്ഥിരീകരിച്ചതായി ജീവനക്കാരിൽ പലരും അറിയുന്നത്. എലി, അണ്ണാൻ, മുയൽ എന്നിവയുടെ ശരീരത്തിലുള്ള ചെള്ളുകൾ മനുഷ്യരെ കടിക്കുമ്പോൾ രോഗം പകരാം. ചെള്ളുകടിയേറ്റാൽ 10 മുതൽ 12 ദിവസം കഴിയുമ്പോൾ രോഗ ലക്ഷണങ്ങൾ പ്രകടമാകും. കടിയേറ്റ ഭാഗത്ത് ചുവന്ന പാടുകൾ രൂപപ്പെടുകയും പിന്നീട് കറുത്ത വ്രണമായി മാറുകയും ചെയ്യും. എലി ഏറെയുള്ള ജില്ലയിൽ ചെള്ളുപനി വ്യാപിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. സംസ്ഥാനത്ത് കഴിഞ്ഞ വർഷം 400ൽപ്പരം പേർക്ക് ചെള്ളുപനി പിടിപെട്ടിരുന്നു. ആറു ജീവനുകൾ നഷ്ടമായി. എന്നിട്ടും ആലപ്പുഴയിൽ രോഗം റിപ്പോർട്ട് ചെയ്തത് ആരോഗ്യവകുപ്പ് ജില്ലാ അധികൃതർ കാര്യമാക്കുന്നില്ല.

# അത് ചെള്ളുപനി ആയിരുന്നു


തൃശൂരിലെ അയ്യന്തോളിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ ചെറിയനാട് സ്വദേശിനി ലീന കഴിഞ്ഞ മാസം ചെള്ളുപനി ബാധിച്ചു മരിച്ചിരുന്നു. തൃശൂർ ജില്ലയിലെ ആദ്യ ചെള്ളുപനി മരണമായിരുന്നു. എലിപ്പനിയാണെന്നാണ് ആദ്യം കരുതിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമില്ലാതെ വരുമ്പോഴാണ് ചെള്ളുപനി പടരുന്നത്.

# ലക്ഷണങ്ങൾ


വിറയലോടുകൂടിയ പനി, തലവേദന, കണ്ണിന് ചുവപ്പുനിറം, കഴലവീക്കം, പേശിവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം നേരത്തെ കണ്ടെത്തിയാൽ ആന്റി ബയോട്ടിക് മരുന്നുകൾ ഉപയോഗിച്ച് ചികിത്സിക്കാനാകും. ഗുരുതരാവസ്ഥയിലെത്തിയാൽ മരണ സാദ്ധ്യതയുണ്ട്.