പൊങ്കാല 7ന്

ആലപ്പുഴ : ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഡിസംബർ 7ന് നടക്കുന്ന പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ ഇടങ്ങളിൽ നിന്നുൾപ്പെടെ ലക്ഷക്കണക്കിന് ഭക്തർ പൊങ്കാലയർപ്പിക്കാനെത്തും. 27ന് വൈകിട്ട് 5.30ന് കാർത്തികസ്തംഭം ഉയർത്തലും ഡിസംബർ നാലിന് രാവിലെ ഒൻപതിന് നിലവറദീപം തെളിയിക്കലും നടക്കും. 7ന് പുലർച്ചെ 4ന് നിർമ്മാല്യദർശനം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 9ന് വിളിച്ചു ചൊല്ലി പ്രാർത്ഥന എന്നിവയ്ക്കുശേഷം ശ്രീകോവിലിലെ കെടാവിളക്കിൽ നിന്നും ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദർശിയുമായ രാധാകൃഷ്ണൻ നമ്പൂതിരി പകരുന്ന തിരിയിൽ നിന്ന് പണ്ടാര അടുപ്പിലേക്ക് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അഗ്നി പകർന്ന് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.

10.30ന് നടക്കുന്ന സംഗമത്തിൽ നടൻ സുരേഷ് ഗോപി പൊങ്കാല ഉദ്ഘാടനം ചെയ്യും. സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി, ഗോപൻ ചെന്നിത്തല എന്നിവർ പങ്കെടുക്കും. പുതുതായി നിർമ്മിച്ച ആനക്കൊട്ടിലിന്റെ സമർപ്പണം മനോജ് പണിക്കർ ശ്രീശൈലം, അടൂർ നിർവഹിക്കും. ക്ഷേത്ര മുഖ്യകാര്യദർശി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ട്രസ്റ്റിമാരും മേൽശാന്തിമാരുമായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി, രമേശ് ഇളമൺ നമ്പൂതിരി, ക്ഷേത്ര മേൽശാന്തിമാരായ ഹരിക്കുട്ടൻ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി എന്നിവർ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടത്തും. പൊങ്കാല നിവേദ്യത്തിന് ശേഷം ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും.
വൈകിട്ട് 5ന് സാംസ്‌കാരിക സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. തോമസ് കെ.തോമസ് എം.എൽ.എ മുഖ്യാതിഥിയാകും. രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മംഗളാരതി സമർപ്പിക്കും. നാഷണൽ പോളിസി അഡ്വൈസർ ഡോ.സി.വി.ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ ദീപം തെളിയിക്കും.
തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി.നായർ, തിരുവല്ല മുനിസിപ്പിൽ ചെയർപേഴ്സൺ ശാന്തമ്മ വർഗീസ്, നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നകുമാരി, എടത്വാ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോർജ്, തലവടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ കൊച്ചുമോൾ ഉത്തമൻ, ക്ഷേത്രം അഡ്മിനിസ്ട്രറ്റർ കെ.കെ.ഗോപാലകൃഷ്ണൻ നായർ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് കുമാർ പിഷാരത്ത്, മാനേജർ സത്യൻ, ഉത്സവകമ്മിറ്റി പ്രസിഡന്റ് എം.പി.രാജീവ്, സെക്രട്ടറി സന്തോഷ് ഗോകുലം എന്നിവർ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ ക്ഷേത്രം മുഖ്യ കാര്യദർശി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, അഡ്മിനിസ്‌ട്രേറ്റർ അഡ്വ. കെ.കെ. ഗോപാലകൃഷ്ണൻ നായർ, രമേശ് ഇളമൺ നമ്പൂതിരി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് കുമാർ പിഷാരത്ത്, ഡി.പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു.

ആയിരത്തിലധികം വോളണ്ടിയർമാർ

വിവിധ ഇൻഫർമേഷൻ സെന്ററുകളിൽ 1000ത്തിലധികം വോളണ്ടിയർമാർ സേവന പ്രവർത്തനങ്ങൾക്കായുണ്ടാകും. ഭക്തരുടെ പ്രാഥമികാവശ്യങ്ങൾക്കായി സ്ഥിരം സംവിധാനങ്ങൾക്കു പുറമേ താത്കാലിക ശൗചാലയങ്ങളും ഏർപ്പെടുത്തും. പൊലീസ്, കെ.എസ്.ആർ.ടി.സി, ആരോഗ്യ-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഫയർഫോഴ്സ്, കെ.എസ്.ഇ.ബി., ജല അതോറിട്ടി, എക്‌സൈസ്, ജലഗതാഗതം, റവന്യു വകുപ്പുകളുടെ സേവനം ആലപ്പുഴ-പത്തനംതിട്ട കളക്ടർമാരുടെ നേതൃത്വത്തിൽ സജ്ജീകരിക്കും. പാർക്കിംഗിനും പ്രത്യേക സൗകര്യം ഉണ്ടാകും.