ambala
അമ്പലപ്പുഴ ഉപജില്ലാ കലോത്സവം എച്ച്.സലാം എം.എൽ.എ പ്രധാന വേദിയിൽ ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ: അമ്പലപ്പുഴ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ അമ്പലപ്പുഴ ഉപജില്ലാ കലോത്സവത്തിന് തുടക്കമായി. 6 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ 241 ഇനങ്ങളിൽ 1500 ഓളം കലാപ്രതിഭകൾ മാറ്റുരക്കും. അമ്പലപ്പുഴ ജി.എൽ.പി.എസ്, അമ്പലപ്പുഴ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാല എന്നിവിടങ്ങളിലാണ് പ്രധാന വേദികൾ ക്രമീകരിച്ചിരിക്കുന്നത്. അറബിക് കലോത്സവവും സംസ്കൃത കലോത്സവവും ഇതോടൊപ്പം നടക്കും.3 ദിവസവും വിദ്യാർത്ഥികൾക്കും എസ്കോർട്ടിംഗ് അദ്ധ്യാപകർക്കും പായസം ഉൾപ്പെടെയുള്ള സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ ഉപജില്ലാ ഓഫീസർ സുമാ ദേവി പതാക ഉയർത്തി. തുടർന്ന് വിവിധ വേദികളിൽ രചനാ മത്സരങ്ങൾ ആരംഭിച്ചു. എച്ച്.സലാം എം.എൽ.എ പ്രധാന വേദിയിൽ കലോത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത അദ്ധ്യക്ഷയായി . മിനി സ്ക്രീൻ താരം ശ്രുതി രജനീകാന്ത് കലോത്സവ സന്ദേശം നൽകി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രമേശൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആർ.ജയരാജ്, ശ്രീജാ രതീഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സുഷമാ രാജീവ്, മനോജ് കുമാർ.കെ, ശോഭാ ബാലൻ, വീണാ ശ്രീകുമാർ ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുമാ ദേവി.എസ്, കെ.പി.കൃഷ്ണദാസ്, എച്ച്.എം.ഫോറം കൺവീനർ ആർ.രാധാകൃഷ്ണ പൈ, കെ.രാജു, ആർ.രാജേഷ് കുമാർ, മുഹമ്മദ് ഫൈസൽ, പി.പ്രസാദ് എന്നിവർ സംസാരിച്ചു. മണ്ണാറശാല ആയില്യം കണക്കിലെടുത്ത് ഇന്ന് മത്സരങ്ങൾ ഉണ്ടാകില്ല.നാളെ കലാമത്സരങ്ങൾ തുടരും.