p

ആലപ്പുഴ: കേന്ദ്ര സംഘം ഇന്നലെ ജില്ലയിലെ പക്ഷിപ്പനി ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. രാവിലെ ജില്ല മൃഗസംരക്ഷണ ഓഫീസിലെത്തിയ സംഘം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി.എസ്. ബിന്ദു, ഡോ. ബി. സന്തോഷ് കുമാർ എന്നിവരുമായും ചർച്ച നടത്തി.

തുടർന്ന് ചെറുതന, പള്ളിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലെ പക്ഷിപ്പനി ബാധിത പ്രദേശങ്ങളിലാണ് സംഘം പരിശോധന നടത്തിയത്. ന്യൂഡെൽഹി ഡി.എ.ഡി.എഫ് അസി. കമ്മിഷണർ ഡോ. അധിരാജ് മിശ്ര, ബംഗളുരു ഐ.സി.എ.ആർ സീനിയർ സയന്റിസ്റ്റ് ഡോ. മുഹമ്മദ് മുദസർ ചന്ദ, ഭോപ്പാൽ നിഹ്സാദ് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ചക്രാധർ ടോഷ്, തിരുവല്ല എ.ഡി.ഡി.എൽ അസി. ഡയറക്ടർ ഡോ. പ്രവീൺ പുന്നൂസ്, ഡോ. സഞ്ജയ് സിയാദ് പാലോട് എന്നിവരാണ് സംഘത്തിലുള്ളത്.

കൂട്ടക്കുരുതി​ തുടങ്ങി​

കരുവാറ്റയിൽ സ്ഥിരീകരിച്ചതോടെ പ്രദേശത്തെ പക്ഷികളെ കൊന്ന് കത്തിക്കുന്ന (കള്ളിംഗ്) നടപടികൾ ഇന്നലെ ആരംഭിച്ചു. കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ചയാണ് ലഭിച്ചത്. തുടർന്ന് രണ്ട് ടീമുകളുടെ നേതൃത്വത്തിലാണ് കള്ളിംഗ് ആരംഭിച്ചത്. ഭോപ്പാലിലെ വെറ്ററിനറി ഹൈ സെക്യൂരിറ്റി വൈറോളജി ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിൽ കരുവാറ്റ പഞ്ചായത്തിലെ തോട്ടുകടവിൽ ചന്ദ്രന്റെ താറാവുകൾ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് കഴിഞ്ഞ ശനിയാഴ്ച സ്ഥിരീകരിച്ചിരുന്നു. ചന്ദ്രന്റെ 8625ഓളം താറാവുകളെയാണ് കൊന്ന് കത്തിക്കുന്നത്.