d

മുഹമ്മ: മുഹമ്മയിലെ കയർ കമ്പനിയിൽ ഒഡീഷ സ്വദേശിയായ യുവാവ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു. പുരി ജില്ല കുശുബെന്തി പഞ്ചായത്തിൽ അപ്പർതി വീട്ടിൽ അപ്പർതി സ്വായിയുടെയും ഒഹ്‌ല്ല സ്വായിയുടെയും ഏക മകൻ ചന്ദ്രകാന്ദ് സ്വായി (24) ആണ് മരിച്ചത്.

ഇന്നലെ അർദ്ധരാത്രിയിലായിരുന്നു സംഭവം. സിബ്കോ കയർ ആൻഡ് റബർ കമ്പനിയിലെ റബറൈസ്ഡ് തടുക്ക് പ്രസിംഗ് മെഷീനിൽ നിന്നുള്ള വൈദ്യുതാഘാതമേറ്റായിരുന്നു മരണം. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം പൂവൻതുരുത്ത് സ്വദേശി സിബി സെബാസ്റ്റ്യന്റ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. മെഷീൻ ഓപ്പറേറ്ററായിരുന്ന ചന്ദ്രകാന്ദ് മെഷീനിലെ ലിവർ നീക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് നിലത്തു വീഴുകയായിരുന്നെന്ന് സഹപ്രവർത്തകർ പറഞ്ഞു. മെഷീനിലെ മോട്ടോറിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പരിശോധന നടത്തിയ വൈദ്യുത വകുപ്പ് ജീവനക്കാർ പറഞ്ഞു. ചന്ദ്രകാന്ദ് മൂന്നു വർഷമായി ഇവിടെ ജോലി ചെയ്യുകയാണ്. മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. അനന്തര നടപടികൾക്കു ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും.