മുല്ലശ്ശേരി കടവ് - ബംഗ്ലാവിൽ പടി റോഡിലൂടെ ദുരിതയാത്ര
മാന്നാർ : 12വർഷം മുമ്പ് ലോക് അദാലത്ത് വിധി പ്രകാരം നിർമ്മിച്ച, പമ്പ നദിയുടെ തീരത്തുകൂടിയുള്ള മുല്ലശ്ശേരി കടവ്-ബംഗ്ലാവിൽപടി റോഡ് അവഗണനയുടെ പടുകുഴിയിൽ. പാവുക്കര സെന്റ് പീറ്റേഴ്സ് കത്തോലിക്ക പള്ളി, മഹാത്മ വാട്ടർ സ്റ്റേഡിയം എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാനുള്ള റോഡ് മഴ പെയ്താൽ ചെളിക്കുണ്ടായി മാറും. പാവുക്കരയുടെ പടിഞ്ഞാറ് ഭാഗങ്ങളിലുള്ളവർക്ക് മാന്നാർ ടൗണിൽ എത്തിച്ചേരാനുള്ള എളുപ്പമാർഗം കൂടിയാണ് ഈ റോഡ്.
2010ൽ തദ്ദേശവാസികൾ നൽകിയ ഹർജിയെ തുടർന്ന് ചെങ്ങന്നൂർ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ലോക് അദാലത്തിൽ വച്ച് അന്നത്തെ സബ് ജഡ്ജി എസ്.എച്ച്.പഞ്ചാപകേശനാണ് പമ്പ നദിക്ക് തെക്കുഭാഗത്തായി തീരത്തോട് ചേർന്ന് 300മീറ്റർ നീളത്തിൽ റോഡ് നിർമ്മിക്കാനുത്തരവിട്ടത്. അന്നത്തെ ഗ്രാമപഞ്ചായത്തംഗം ചാക്കോ കയ്യത്രയ്ക്കായിരുന്നു നിർമ്മാണച്ചുമതല. മൂന്നുമാസം കൊണ്ട് ജനകീയ പങ്കാളിത്തത്തോടെ റോഡ് നിർമ്മിച്ച് മാന്നാർ ഗ്രാമപഞ്ചായത്തിന് കൈമാറണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ, മഹാത്മാഗാന്ധി ദേശീയതൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നൂറുകണക്കിന് തൊഴിലാളികൾ ചേർന്നാണ് റോഡ് നിർമ്മിച്ചത്.
മുടങ്ങിയ ടാറിംഗ്
കെ.എം.മാണി ധനമന്ത്രിയായിരിക്കെ അനുവദിച്ച 12 ലക്ഷം രൂപ വിനിയോഗിച്ച് താഴ്ന്ന പ്രദേശങ്ങൾ പിച്ചിംഗ് കെട്ടി ഉയർത്തിയിരുന്നു. എന്നാൽ ഇതുവരെയും ടാറിംഗ് നടത്തിയിട്ടില്ല. കഴിഞ്ഞ പദ്ധതിയിൽ അരികുപുറം - മാന്തറയിൽ പടി മുതൽ മുല്ലശ്ശേരി കടവ് വരെ 600മീറ്റർ ദൂരം ടാറിംഗിനായി 15ലക്ഷം വക കൊള്ളിച്ചിരുന്നെങ്കിലും സർക്കാർ ഗ്രാമപഞ്ചായത്തുകളുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ചപ്പോൾ മുല്ലശ്ശേരി കടവ് - ബംഗ്ളാവിൽ പടി വരെയുള്ള ഭാഗം ഒഴിവാക്കി. അടിയന്തരമായി റോഡ് ടാർചെയ്ത് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് പ്രദേശവാസികൾ.
അടുത്ത പദ്ധതിയിലുൾപ്പെടുത്തി മുല്ലശ്ശേരി കടവ് - ബംഗ്ളാവിൽ പടി റോഡ് ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കും. പമ്പയുടെ തീരത്ത് കൂടിയുള്ള ആറ്റു ബണ്ട് റോഡ് പിച്ചിംഗ് കെട്ടി മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിലെ സമാന്തര റോഡാക്കി ഉയർത്തണമെന്ന ആവശ്യം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ ശ്രദ്ധയിൽപ്പടുത്തിയിട്ടുണ്ട്.- സെലീന നൗഷാദ്,ഗ്രാമപഞ്ചായത്തംഗം
പഞ്ചായത്തിലെ ഏറ്റവും ദുർഘടമായ പാതയാണിത്. പമ്പാനദിയുടെ തീരത്ത് കൂടിയുള്ള ഈ റോഡ് വീതികൂട്ടി നവീകരിച്ച് ഇറിഗേഷൻ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയുടെ പുരോഗതിക്ക് കരുതരത്തേക്കും
- അനിൽ മാന്തറ, മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി