ചേർത്തല: ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മ​റ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയ​റ്റ് മാർച്ചിന് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ത് ചേർത്തലയിൽ പൂർണമായിരുന്നു.പൊതു വിദ്യാലയങ്ങളിലെയും പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾ പഠിപ്പ് മുടക്കി. പ്രതിഷേധ സമ്മേളനം യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ.രൂപേഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് ആർ.രവിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് ടൗൺ ഈസ്​റ്റ് മണ്ഡലം പ്രസിഡന്റ് ആർ.രജിൻ,കെ.എസ്.യു നേതാക്കളായ അമിനുവൽ അസ്ലം,ലിജോ സിബിച്ചൻ,നന്ദു വയലാർ,റൗഫ്,ബോണി എന്നിവർ നേതൃത്വം നൽകി.