ഹരിപ്പാട് : മുതുകുളം നാലാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി.എസ്. ബൈജുവിനെ ആക്രമിച്ച കേസിൽ ഒന്നാംപ്രതി അറസ്റ്റിലായി.ചിങ്ങോലി പ്രസാദ് ഭവനത്തിൽ പ്രവീണിനെ (35 ) ആണ് കനകക്കുന്ന് പൊലീസ് പിടികൂടിയത്. കഴിഞ്ഞ പത്താം തീയതി ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന ദിവസമാണ് ബൈജുവിനെ മൂന്നംഗ സംഘം ആക്രമിച്ചത്. നേരത്തെ ബി.ജെ.പി പ്രവർത്തകൻ ആയിരുന്ന ബൈജു പാർട്ടി മാറി മത്സരിച്ച് ജയിച്ചതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ അക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കായംകുളം ഡിവൈ.എസ്.പി അലക്സ്‌ ബേബിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൃത്യത്തിന് ശേഷം ബൈക്ക് ഹൈവേ സൈഡിൽ ഉപേക്ഷിച്ചിട്ട് വടക്കൻ ജില്ലകളിലേക്ക് കടന്ന പ്രവീൺ പണവും മറ്റു രേഖകളും എടുക്കുന്നതിന് നാട്ടിലെത്തിയപ്പോഴാണ് പിടിയിലായത്. കനകക്കുന്ന് എസ്.എച്ച്. ഒ വിജയകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷാബുമോൻ ജോസഫ്, ബഷിറുദ്ദീൻ പൊലീസുദ്യോഗസ്ഥരായ ഗിരീഷ് എസ്.ആർ , ജിതേഷ് മോൻ, റോഷിത്, അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.