 
ചേർത്തല: സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴിൽ നഗര പ്രദേശങ്ങളിൽ നടത്തുന്ന വയോമിത്രം ക്ലിനിക്കുകളിൽ മരുന്നും ശാസ്ത്രീയമായ ഉപയോഗ നിർദ്ദേശങ്ങളും നൽകാൻ യോഗ്യത നേടിയ ഫാർമസിസ്റ്റുമാരെ നിയമിക്കണമെന്ന് സീനിയർ ഫാർമസിസ്റ്റ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇപ്പോൾ ഇതര ജീവനക്കാരാണ് ഫാർമസിസ്റ്റിന്റെ ജോലി ചെയ്യുന്നത്. ജീവിത ശൈലി രോഗങ്ങൾ ഉൾപ്പെടെ നിരവധി രോഗങ്ങൾക്കുള്ള മരുന്നുകൾ 60 വയസ് കഴിഞ്ഞ രോഗികൾക്ക് വയോമിത്രം ക്ലിനിക്കുകളിലൂടെ വിതരണം ചെയ്യുന്നുണ്ട്. മരുന്നുകൾ നിയമാനുസൃതം സൂക്ഷിച്ച് കാലാവധിക്ക് മുമ്പ് രോഗികൾക്ക് ലഭ്യമാക്കാൻ ഫാർമസിസ്റ്റ് ആവശ്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. പെൻഷൻകാരുടെ കുടിശ്ശികകൾ അനുവദിക്കുക, മുൻകൂട്ടി ഗുണനിലവാരം ഉറപ്പാക്കിയ മരുന്നുകൾ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. പ്രസിഡന്റ് സാജു കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ. പ്രേമാനന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബി.രാജൻ, കെ.സി.അജിത്ത്കുമാർ, ഡി.മുറാദ്, എസ്.സുഗതൻ, വെള്ളച്ചാൽ നാരായണൻ, കെ.പി.പ്രദീപ്കുമാർ, പി.അനികുമാരി,വി.തങ്കച്ചൻ,പ.കെ.ജയപ്രകാശ് എന്നിവർ സംസാരിച്ചു.