മാന്നാർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ പെരിങ്ങിലിപ്പുറം 151-ാം നമ്പർ ശാഖാ യോഗം ഗുരു ക്ഷേത്രത്തിൽ പത്താമത് ശ്രീനാരായണ കൺവെൻഷനും ഗുരു ക്ഷേത്രത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്കും തുടക്കമായി. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഉദ്ഘാടനം നിർവഹിച്ചു. ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി കൺവെൻഷൻ സന്ദേശം നൽകി. കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠം മഠാധിപതി സ്വാമി ശിവ ബോധാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. മാനേജിംഗ് കമ്മിറ്റിയംഗം ശോഭാ മഹേശൻ സംസാരിച്ചു. മാനേജിംഗ് കമ്മിറ്റിയംഗം രമേശ് രവി സ്വാഗതവും ശാഖാ യോഗം വൈസ് പ്രസിഡന്റ് സി.കനകരാജൻ നന്ദിയും പറഞ്ഞു. ഇന്ന് വൈകിട്ട് 6.30ന് ചെങ്ങന്നൂർ എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.സജികുമാർ ലഹരിവിമുക്ത ബോധവത്കരണ പ്രഭാഷണം നടത്തും. തുടർന്ന് വിദ്യാഭ്യാസ അവാർഡ് വിതരണം നടക്കും. നാളെ രാവിലെ താഴവനമഠം ലക്ഷ്മണൻ തന്ത്രിയുടെ ശിഷ്യൻ അനിൽ ശാന്തിയുടെ കാർമികത്വത്തിൽ ക്ഷേത്രത്തിന്റെ പ്രതിഷ്ഠയുടെ അഷ്ടബന്ധനവീകരണം നടക്കും. വൈകിട്ട് 3.30 ന് പഞ്ചാരിമേളം, കൊട്ടക്കാവടി, അലങ്കരിച്ച ഗുരുദേവ രഥം എന്നിവയുടെ അകമ്പടിയോടെ മഹാഘോഷയാത്രയും രാത്രി 9 ന് ഭക്തിഗാനസുധയും ഉണ്ടായിരിക്കും.