ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച കരുവാറ്റയിൽ താറാവുകളെ കൊന്ന് കത്തിക്കൽ (കള്ളിംഗ്) പൂർത്തിയായി. പഞ്ചായത്തിലെ തോട്ടുകടവിൽ ചന്ദ്രന്റെ 8625 താറാവുകളെയാണ് കത്തിച്ചത്.
ചെറുതനയിൽ 20,000ൽ അധികം താറാവുകളെ കത്തിച്ചിരുന്നു. കഴിഞ്ഞ ദിവസം വണ്ടാനത്ത് വെട്ടിക്കരി പാടശേഖരത്ത് താറാവുകൾ കൂട്ടത്തോടെ ചത്തു. 70 ദിവസം പ്രായമായ 195 താറാവുകളാണ് ചത്തത്. വണ്ടാനം കന്നേക്കോണിൽ ഹരിക്കുട്ടൻ, വണ്ടാനം കോതോലിത്തറ സന്തോഷ് എന്നിവരുടെ 18,500 താറാവുകളാണ് ചത്തത്. തിരുവല്ലയിലെ ലാബിൽ നടത്തിയ പരിശോധനയിൽ ഇവയുടെ തലച്ചോറിൽ ബാധിച്ച ബാക്ടീരിയ രോഗമാണ് മരണകാരണമെന്ന് കണ്ടെത്തി. പക്ഷികളെ കൊന്നു കത്തിച്ച പ്രദേശങ്ങളിൽ ക്ളീനിംഗ് ജോലികളും ആരോഗ്യ വകുപ്പ് ആരംഭിച്ചു.