crime

ആലപ്പുഴ: മുക്കാൽ മണിക്കൂറോളം നീണ്ട ബലപ്രയോഗത്തിലൂടെ കാറിന്റെ ചില്ല് തകർത്ത് മുംബയ് സ്വദേശിനി​യായ ബിസിനസ് പങ്കാളിയിൽ നിന്ന് ഒരു കോടിയിലധികം തട്ടിയെടുത്ത പ്രതിയെ പൊലീസ് പിടി കൂടി. മഹാരാഷ്ട്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ആലപ്പുഴ പാതിരപ്പള്ളി വെള്ളിപ്പറമ്പിൽ ടോണി തോമസിനെയാണ് നഗരത്തിൽ നിന്നും സാഹസികമായി പൊലീസ് അറസ്റ്റ് ചെയ്‌തത്.

ഇന്നലെ ഉച്ചയ്‌ക്ക് രണ്ടോടെ കോൺവെന്റ് സ്‌ക്വയർ ഭാഗത്തു കൂടി ബന്ധുക്കൾക്കും വനിതാ സുഹൃത്തിനുമൊപ്പം കാറിൽ സഞ്ചരിക്കവേ മഫ്തിയിലെത്തിയ പൊലീസ് കാർ തടഞ്ഞു. പൊലീസാണെന്ന് അറിയിച്ചിട്ടും ടോണി പുറത്തിറങ്ങിയില്ല. തുടർന്നായിരുന്നു ചില്ലുതകർത്ത് പൂട്ട് തുറന്ന് ഇയാളെ കീഴടക്കിയത്.

പരാതിക്കാരിയും പ്രതിയും മുംബയിൽ സോഫ്റ്റ് വെയർ കമ്പനി നടത്തുകയായിരുന്നു. കമ്പനിയിൽ നിന്നു പണം തട്ടിയെടുത്ത് നാടുവിട്ടെന്നായിരുന്നു പരാതി. ആലപ്പുഴ സ്വദേശിയായ ഇയാളെ പിടികൂടാൻ യുവതിയും മഹാരാഷ്ട്ര പൊലീസും ആലപ്പുഴ പൊലീസിന്റെ സഹായം തേടി. ടോണി തോമസ് പൂങ്കാവ് സ്വദേശിയാണെങ്കിലും ഇപ്പോൾ താമസിക്കുന്നത് പഴവീടാണ്. ആലപ്പുഴയിൽ എത്തിയതു മുതൽ പൊലീസിന്റെ നിരീക്ഷണത്തിലായ ഇയാളെ ടവർ ലൊക്കേഷൻ മനസിലാക്കി പിന്തുടർന്നു.

പണത്തിന് പുറമേ മുംബയ് സ്വദേശിനി ജന്മദിന സമ്മാനമായി നൽകിയ 15 ലക്ഷം രൂപയുടെ ബൈക്കും ഇയാൾ ആലപ്പുഴയ്ക്ക് കൊണ്ടുവന്നതായും പരാതിയുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം ആലപ്പുഴ കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ മഹാരാഷ്ട്ര പൊലീസിന് കൈമാറും.