 
ഹരിപ്പാട്: മുതുകുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് അംഗമായ ബൈജു ജി.എസിനെതിരെയുണ്ടായ വധശ്രമം അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ കേസ് അട്ടിമറിക്കാനും പ്രതികളെ സംരക്ഷിക്കാനുമാണ് ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല എം.എൽ.എ കുറ്റപ്പെടുത്തി. ദുർബലമായ വകുപ്പുകൾ ചുമത്തുകയും ആക്രമണത്തിന് ഉപയോഗിച്ച ആണി തറച്ച ഉപകരണങ്ങളും ഇടിക്കുവാനുപയോഗിച്ച ദണ്ഡുകളും കണ്ടെടുക്കാതെ മുൻകൂട്ടി തയ്യാറാക്കിയ ചില അജണ്ടകൾ നടപ്പിലാക്കുകയുമാണ് പൊലീസ് ചെയ്യുന്നത്. പൊലീസ് കൊണ്ടിട്ട ബൈക്ക് പ്രതിയുടേതാക്കി മാറ്റിയെന്ന് ചെന്നിത്തല ആരോപിച്ചു. ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തതും ഒരു നാടകമാണ്. ഉന്നത ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു അന്വേഷണം നടത്തണമെന്നും അദ്ദേഹംആവശ്യപ്പെട്ടു. ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ബൈജുവിനെ ചെന്നിത്തല സന്ദർശിച്ചു. ഡി. സി. സി. ജനറൽ സെക്രട്ടറി മുഞ്ഞിനാട്ട് രാമചന്ദ്രൻ, മണ്ഡലം പ്രസിഡന്റുമാരായ ചിറ്റക്കാട്ട് രവീന്ദ്രൻ, എം.രാജഗോപാൽ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.