അരൂർ: ദേശീയപാതയോരത്ത് യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തി നിന്നിരുന്ന മരം അഗ്നിശമന സേന മുറിച്ചു മാറ്റി. അരൂർ സൗത്ത് പെട്രോൾ പമ്പിന് തെക്കുഭാഗത്ത് ദേശീയപാതയുടെ കിഴക്കേ വശത്ത് അപകടകരമായ വിധത്തിൽ അടിഭാഗം ദ്രവിച്ചു ചാഞ്ഞു നിന്ന മരത്തിന്റെ അവസ്ഥയെക്കുറിച്ച് നാട്ടുകാർ പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ബിജുവിന്റെ നിർദേശപ്രകാരം അരൂരിലെ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം ഉദ്യോഗസ്ഥരായ അനിൽ,ഷിൻസ് ,അർജുൻ ,ഷമീർ സുമേഷ് , ഗംഗാപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ മരം മുറിച്ചു നീക്കിയത്. മരം മുറിയ്ക്കലിനെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.