 
കുട്ടനാട്: അർജന്റീനയോടുള്ള ആരാധന വീടിന്റെ മതിലിലേക്കും പടർന്നു. തലവടി ആനപ്രമ്പാൽ തെക്ക് 12-ാം വാർഡ് വാലയിൽ ബെറാഖ ഭവന്റെ മതിലാണ് അർജന്റീന താരങ്ങളുടെ ജഴ്സിക്കു സമാനമായ നിറത്തിൽ തിളങ്ങി ആരാധകരെ ആവേശം കൊള്ളിക്കുന്നത്.
പൊതുപ്രവർത്തകനായ ഡോ. ജോൺസൺ വി.ഇടിക്കുളയും ആരോഗ്യ പ്രവർത്തകയായ ജിജിമോൾ ജോൺസണും മക്കളായ ബെന്നിനും ഡാനിയേലിനും അർജന്റീനയോടുമുള്ള ഇഷ്ടമാണ് മതിലിന്റെ നിറംമാറ്റത്തിനു കാരണം. ചെറുപ്പം മുതലേ അർജന്റീന ആരാധകരാണ് ബെന്നും ഡാനിയേലും. പത്രങ്ങളിൽ നിന്ന് മെസിയുടെ ചിത്രങ്ങൾ വെട്ടിയെടുത്ത് നോട്ട് ബുക്കിൽ ഒട്ടിച്ച് സൂക്ഷിക്കുന്നത് പതിവായിരുന്നു. ബെൻ ജോൺസൺ നാഷണൽ യൂത്ത് ക്യാമ്പ് ബാസ്കറ്റ് ബാൾ ടീം അംഗമായിരുന്നു. കോട്ടയം സി.എം.എസ് കോളേജ് വിദ്യാർത്ഥിയായ ഇളയ മകൻ ഡാനിയേൽ എൻ.സി.സി കേഡറ്റാണ്.