ആലപ്പുഴ: തകഴിയിൽ പതിവായി പൊട്ടുന്ന, ആലപ്പുഴ കുടിവെള്ള പദ്ധതി പൈപ്പിനു പകരം സ്ഥാപിക്കുന്ന പ്രവൃത്തികൾ ഇന്നു പുനരാരംഭിക്കാൻ കരാറുകാരന് യൂഡിസ് മാറ്റ് പ്രൊജക്ട് മാനേജർ നിർദ്ദേശം നൽകി.
ഗുണനിലവാരമില്ലാത്ത 1525 മീറ്റർ പൈപ്പാണ് മാറ്റേണ്ടത്. ഇതിൽ 239 മീറ്റർ ഒഴികെയുള്ള ഭാഗങ്ങളിൽ പുതിയ പൈപ്പ് സ്ഥാപിച്ചു. കരാറുകാരനും ഉപകരാറുകാരനും തമ്മിലുള്ള തർക്കത്തെ തുടർന്ന് മൂന്ന് ആഴ്ചയായി ശേഷിക്കുന്ന ഭാഗത്തെ പൈപ്പിടൽ മുടങ്ങിയിരിക്കുകയാണ്. ഓണത്തിന് മുമ്പ് പൈപ്പ് മാറ്റം പൂർത്തീകരിക്കണമെന്ന് മന്ത്രിതല യോഗത്തിൽ തീരുമാനിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയും തർക്കങ്ങളും കാരണം ജോലികൾ നിറുത്തി വയ്‌ക്കേണ്ടി വന്നു. അടുത്ത മാസത്തോടെ പൂർത്തീകരിക്കാൻ കരാറുകാരന് വാട്ടർ അതോറിട്ടി സമയം അനുവദിച്ചു. ഇപ്പോഴത്തെ അവസ്ഥയിൽ 45 ദിവസം വേണ്ടി വരും ജോലികൾ പൂർത്തിരിക്കാൻ.
ആറു മീറ്റർ നീളത്തിൽ മാത്രമേ ഒരു ദിവസം പൈപ്പിടാൻ കഴിയൂ. പൂർണമായും പൈപ്പ് സ്ഥാപിച്ചാൽ മാത്രമേ ട്രയൽ പമ്പിംഗ് നടത്താനാവൂ. കഴിയുകയുള്ളു.
എന്നാൽ നഗരത്തിൽ കുടിവെള്ളമില്ലെന്ന പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം കളക്ടറുടെ സാന്നിദ്ധ്യത്തിൽ എം.എൽ.മാരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്ത അവലോകന യോഗത്തിൽ താത്കാലിക പമ്പിംഗ് നടത്തണമെന്ന അഭിപ്രായം ഉണ്ടായെങ്കിലും തീരുമാനത്തിലെത്തിയില്ല. നഗരസഭ ചെയർപേഴ്സൺ സൗമ്യാരാജിന്റെ നേതൃത്വത്തിൽ ഇടത് കൗൺസിലർമാർ പ്രതിഷേധവുമായി വാട്ടർ അതോറിട്ടി ഓഫീസ് ഉപരോധിച്ചിരുന്നു. നഗരത്തിൽ നിലവിലുള്ള കുഴൽകിണറുകളിൽ നിന്ന് പമ്പിംഗ് ആരംഭിക്കണമെന്ന് നിർദ്ദേശിച്ചെങ്കിലും അക്കാര്യത്തിലും വാട്ടർ അതോറിട്ടി അലംഭാവം കാട്ടുകയാണെന്ന് ജനപ്രതിനിധികൾ ആരോപിക്കുന്നു.
# പൊട്ടിയത് 76 തവണ
2017 മേയ് 14ന് ആലപ്പുഴ കുടിവെള്ള പദ്ധതി കമ്മിഷൻ ചെയ്ത ശേഷം കഴിഞ്ഞ മാസം വരെ തകഴിയിൽ ഒന്നര കിലോമീറ്റർ നീളത്തിൽ 76 തവണയാണ് പൈപ്പ് പൊട്ടിയത്. അറ്റകുറ്റപ്പണിക്ക് ഓരോ തവണയും അഞ്ച് മുതൽ ഏഴ് ലക്ഷം രൂപവരെ ചെലവഴിക്കേണ്ടി വരാറുണ്ട്.
...............................
ആകെ മാറ്റേണ്ടത്: 1525 മീറ്റർ
മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്: 1200 മീറ്റർ
ഇനി അവശേഷിക്കുന്നത്: 239 മീറ്റർ
പഴയ പൈപ്പും പുതിയ പൈപ്പുമായി തകഴി കലുങ്കിനു സമീപം ബന്ധിപ്പിക്കൽ പൂർത്തീകരിച്ചാൽ ഇന്നുമുതൽ പരീക്ഷണ പമ്പിംഗ് ആരംഭിക്കും. കാലാവസ്ഥ പ്രതികൂലമല്ലെങ്കിൽ, ശേഷിച്ച പൈപ്പ് മാറ്റം അടുത്ത 30ന് മുമ്പ് പൂർത്തീകരിക്കും
പ്രൊജക്ട് മാനേജർ, യൂഡിസ് മാറ്റ്