ചേർത്തല: നഗരസഭയിൽ ഇക്കുറി യുവതീയുവാക്കളുടെ വലിയ പങ്കാളിത്തവുമായി കേരളോത്സവം ആരംഭിച്ചു. സംസ്ഥാന യുവജന ക്ഷേമ ബോർഡുമായി സഹകരിച്ചാണ് ഇക്കുറി കേരളോത്സവം. 12 മുതൽ ചേർത്തല ശ്രീനാരായണ മെമ്മോറിയൽ ഗവ.ബോയ്സ് എച്ച്.എസ്.എസിൽ തുടങ്ങിയ കായിക മത്സരങ്ങളിൽ വലിയ പങ്കാളിത്തമുണ്ടായി. അടത്തു ഘട്ടം 19നും 20നുമായി നടക്കും.19ന് കായിക മത്സരങ്ങളും 20ന് ഗവ.ഗേൾസ് എച്ച്.എസ്.എസിൽ കലാമത്സരങ്ങളും നടക്കും. മത്സരങ്ങൾക്കൊപ്പം സാംസ്‌കാരിക റാലിയും സമ്മേളനവും നടത്തുമെന്ന് ചെയർപേഴ്സൺ ഷേർളിഭാർഗവൻ, വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, ഏലിക്കുട്ടിജോൺ, എസ്.സനീഷ്, സുജാത സതീഷ്‌കുമാർ, അനുപ്രിയ ദിനൂപ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21ന് വൈകിട്ട് 3ന് നഗരസഭ അങ്കണത്തിൽ നിന്നു സാംസ്‌കാരിക റാലി ആരംഭിക്കും. 4ന് നടക്കുന്ന സമ്മേളനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചെയർപേഴ്സൺ ഷേർളിഭാർഗവൻ അദ്ധ്യക്ഷയാകും.സിനിമാതാരം അൻസാർ കലാഭവൻ മുഖ്യാതിഥിയാകും. എലിക്കുട്ടി ജോൺ സമ്മാനദാനം നടത്തും. സർട്ടിഫിക്കറ്റ് വിതരണം സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം ടി.ടി.ജിസ്‌മോൻ നിർവഹിക്കും. വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ സ്വാഗതവും യൂത്ത് കോ ഓർഡിനേറ്റർ അനുപ്രിയ ദിനൂപ് നന്ദിയും പറയും.