 
കായംകുളം: താലൂക്ക് രൂപീകരണം പോലെ കായംകുളത്തുകാരുടെ പതിറ്റാണ്ടുകൾ പിന്നിട്ട സ്വപ്നങ്ങളിലൊന്നായ സ്റ്റേഡിയം ഇപ്പോഴും വിദൂര സ്വപ്നം. കായംകുളത്തെ പ്രതിനിധീകരിച്ചവർ പലതവണ മന്ത്രിമാരായിട്ടും സ്റ്റേഡിയമെന്നത് ആവശ്യമായിത്തന്നെ അവശേഷിക്കുന്നു.
തച്ചടി പ്രഭാകരൻ എം.എൽ.എ ആയിരുന്നപ്പോൾ ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ട് ഏറ്റെടുത്ത് സ്റ്റേഡിയമാക്കാനുള്ള നടപടി തുടങ്ങിയിരുന്നു. ഒരുലോഡ് മണ്ണിറക്കി ഉദ്ഘാടനവും നിർവഹിച്ചു. റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപമുള്ള വെട്ടത്തയ്യത്ത് വയൽ ഐ.ടി.ഐക്കും സ്റ്റേഡിയത്തിനുമായി ഏറ്റെടുക്കാൻ 2014ലെ നഗരസഭ കൗൺസിൽ യോഗവും തീരുമാനമെടുത്തു. ഇതിനുള്ള 3.5 കോടി കളക്ടറുടെ വർക്ക് ഡിപ്പോസിറ്റ് ഫണ്ടിൽ അടയ്ക്കുകയും ചെയ്തു. ഐ.ടി.ഐക്ക് 75 ലക്ഷവും സ്റ്റേഡിയത്തിന് 1.25 കോടിയുമാണ് കളക്ടറുടെ അക്കൗണ്ടിലേക്കു മാറ്റിയത്.തുടർന്നു വന്ന എൽ.ഡി.എഫ് ഭരണനേതൃത്വം അർജന്റ് ക്ലെയിം എന്ന വിഭാഗത്തിലേക്ക് മാറ്റി കത്ത് നൽകിയതാണ് വസ്തു ഏറ്റെടുക്കാൻ തടസമായത്. സ്ഥലം ഏറ്റെടുക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിന്റെയും റവന്യു വകുപ്പിന്റെയും ഭരണാനുമതി ആവശ്യമാണ്. ഒത്തുപിടിച്ചാൽ സ്റ്റേഡിയം യാഥാർത്ഥ്യമാകാൻ വലിയ തടസങ്ങളൊന്നും ഇല്ല. കായംകുളത്തെ കായികതാരങ്ങൾക്ക് പരിശീലനത്തിന് നിലവിൽ വേണ്ടത്ര സൗകര്യമില്ല. നഗരത്തിൽ സ്‌റ്റേഡിയം നിർമ്മിച്ചാൽ അവർക്ക് വലിയ ആശ്വാസമാകും. പണ്ട് കായംകുളത്ത് കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റും മറ്റും നടക്കുമ്പോൾ നൂറുകണക്കിനാളുകളാണ് മത്സരങ്ങൾ കാണാൻ എത്തിയിരുന്നത്.
മുഴുവൻ സമയവും ഗ്രൗണ്ടിൽത്തന്നെ പരിശീലനം നടത്തിയാൽ മാത്രമേ ഫുട്‌ബോൾ താരങ്ങളെ വളർത്തിയെടുക്കാൻ കഴിയുകയുള്ളുവെന്ന് കായിക അദ്ധ്യാപകരും പറയുന്നു. കായംകുളത്തു നിന്നു കബഡി, ബേസ്‌ബാൾ, വടംവലി ഇനങ്ങളിൽ ശ്രദ്ധേയരായ ഉണ്ടായിട്ടുണ്ട്.
# പ്രതിഭകളുണ്ടെങ്കിലും പ്രതീക്ഷയില്ല
കായംകുളത്ത് 20 വർഷമായി ട്രാവൻകൂർ ക്രിക്കറ്റ് അക്കാഡമി എന്ന പേരിൽ ക്രിക്കറ്റ് നെറ്റ്‌സ് പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. 150 ഓളം ജില്ലാ താരങ്ങളെയും എട്ട് സംസ്ഥാന താരങ്ങളെയും ഒരു രഞ്ജി താരത്തെയും സംഭാവന ചെയ്യാൻ അക്കാഡമിക്കു കഴിഞ്ഞു. നേരത്തെ ബാസ്കറ്റ്ബാളിൽ കായംകുളത്തു നിന്നുള്ള നിരവധി വനിത താരങ്ങൾ സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപെട്ടിരുന്നു. പിന്നീട് പരിശീലന സൗകര്യം ഇല്ലാത്തതിനാൽ ആരും മുന്നിട്ടിറങ്ങാതെയായി. നഗരസഭ വക ബാസ്‌കറ്റ്‌ബാൾ കോർട്ട് ബോയ്സ് ഹൈസ്‌കൂളിൽ നിർമ്മിച്ചിരുന്നു. എന്നാൽ ആശാസ്ത്രീയ നിർമ്മാണമായതിനാൽ കായിക താരങ്ങൾക്ക് ഗുണം ചെയ്തില്ല. ഒന്നര ഏക്കർ സ്ഥലമെങ്കിലും ഏറ്റെടുത്താൽ മിനി സ്‌റ്റേഡിയം നിർമ്മിക്കാൻ കഴിയും.