p

വള്ളികുന്നം: വീടിനു സമീപമുള്ള ചിറയിൽ മരിച്ചനിലയിൽ കണ്ടെത്തിയ വള്ളികുന്നം സ്വദേശിയായ യുവാവിന്റെ മരണം കൊലപാതകമെന്നു സംശയമുണ്ടെന്നു പൊലീസ്. വളളികുന്നം കടുവിനാൽ കുറ്റി വിളവടക്കതിൽ പ്രദീപിനെയാണ് (40) താമരക്കുളം ചത്തിയറ പുതുച്ചിറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

തലയ്ക്കു പിന്നിൽകണ്ട ഗുരുതര പരിക്കാണു സംശയത്തിനു ഇടയാക്കിയത്. സംഭവത്തിൽ നൂറനാട് പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. ഒരു മാസം മുൻപാണു സംഭവം. സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം ശാസ്ത്രീയമായ തെളിവുകളും പൊലീസ് ശേഖരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. അടൂർ ഭാഗത്തേക്കു പോവുകയാണെന്നും രണ്ടു ദിവസം കഴിഞ്ഞേ മടങ്ങിവരികയെന്നും പറഞ്ഞായിരുന്നു വീട്ടിൽ നിന്ന് പ്രദീപ് ഇറങ്ങിയതെന്നു പൊലീസ് പറഞ്ഞു. പിന്നീട് ചിറയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ.ആർ.ജോസ്, നൂറനാട് സി.ഐ പി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ അഞ്ചംഗ പൊലീസ് സംഘമാണു കേസ് അന്വേഷിക്കുന്നത്.