മാവേലിക്കര: അധികൃതരുടെ അവഗണനയിൽ മാവേലിക്കര താലൂക്ക് ഓഫീസ് കെട്ടിടം. 18 മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാൻ തീരുമാനിച്ച് നിർമ്മാണോദ്ഘോടനം നടത്തിയ താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണം പ്രവർത്തനം 20 മാസം പിന്നിട്ടിട്ടും തുടങ്ങിയിട്ടില്ല. താലൂക്കിലെ ഭരണസിരാകേന്ദ്രത്തിന്റെ അവസ്ഥ ഇതാണെങ്കിൽ മറ്റ് നിർമ്മിതികളുടേയും ഭരണകാര്യങ്ങളുടെ അവസ്ഥ എന്താകുമെന്നാണ് നാട്ടുകാരുടെ ചോദ്യം.
റീബിൾഡ് കേരളയിൽ ഉൾപ്പെടുത്തി 5.2 കോടി രൂപ ചിലവിൽ 12,000 ചതുരശ്രയടിയിൽ കെട്ടിടം നിർമ്മിക്കാനുള്ള ചുമതല പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട വിഭാഗത്തിനായിരുന്നു. നിലവിലുള്ള 6,000 ചതുരശ്രയടി കെട്ടിടം പൂർണ്ണമായി പൊളിച്ചുനീക്കി പുതിയ നിർമ്മാണം നടത്താനാണ് പദ്ധതി. എന്നാൽ നിലവിലുള്ള കെട്ടിടം പൊളിക്കുമ്പോൾ ഓഫീസ് പ്രവർത്തിക്കാൻ ആവശ്യമായ വാടക കെട്ടിടം 20 മാസമായിട്ടും കണ്ടെത്താൻ കഴിയാത്തതാണ് നിർമ്മാണം അനിശ്ചിതമായി നീളുന്നതിന് കാരണം.
ആദ്യം ബി.എസ്.എൻ.എൽ
നിലവിലുള്ള താലൂക്ക് ഓഫീസിന് അടുത്തുള്ള ബി.എസ്.എൻ.എൽ ഓഫീസായിരുന്നു ആദ്യം വാടകയ്ക്ക് എടുക്കാൻ തീരുമാനിച്ചത്. എന്നാൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്ന് പറഞ്ഞ് ഇത് വേണ്ടെന്ന് വച്ചു.
പിന്നീട് പൂന്നംമൂട്ടിലുള്ള സ്വകാര്യ ഓഡിറ്റോറിയം എടുക്കാൻ തീരുമാനിച്ചെങ്കിലും പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം നിശ്ചയിച്ച് നൽകിയ വാടകയ്ക്ക് കെട്ടിടം വിട്ടുകൊടുക്കുവാൻ കെട്ടിട ഉടമ തയ്യാറാകിതിരുന്നതോടെ , അതും ഉപേക്ഷേക്കേണ്ടി വന്നു. ഇപ്പോൾ സ്വകാര്യ ബസ് സ്റ്റാൻഡിലുള്ള നഗരസഭയുടെ ഇ.എം.എസ് സ്മാരക വ്യാപാര സമുച്ഛയം എടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നഗരസഭ ഇതിന് പച്ചക്കൊടി കാണിച്ചെങ്കിലും പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം വാടക നിശ്ചയിച്ച് നൽകാത്തത് കാരണം ഇതുവരെ ഏറ്റെടുക്കാൻ സാധിച്ചിട്ടില്ല.
'' വ്യാഴാഴ്ച കളക്ടറേറ്റിൽ ഇത് സംബന്ധിച്ച് യോഗം നടന്നു. അടിയന്തരമായി സ്വകാര്യ ബസ് സ്റ്റാൻഡിലുള്ള നഗരസഭയുടെ ഇ.എം.എസ് സ്മാരക വ്യാപാര സമുച്ഛയത്തിലേക്ക് താലൂക്ക് ഓഫീസിന്റെ പ്രവർത്തനം മാറ്റുവാൻ തീരുമാനമായിട്ടുണ്ട്. ഈ കെട്ടിടത്തിൽ അറ്റകുറ്റപണികൾ നടത്താനുണ്ട്. അത് പൂർത്തീകരിച്ച ശേഷം ഉടൻ തന്നെ ഇവിടേക്ക് മാറ്റുവാനാണ് തീരുമാനം. തുടർന്ന് നിലവിലുള്ള താലൂക്ക് ഓഫീസ് കെട്ടിടം പൊളിച്ച് ഉടൻ തന്നെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിക്കും.
എം.എസ്.അരുൺകുമാർ എം.എൽ.എ