ആലപ്പുഴ: നഗരസഭയുടെ നിയന്ത്രണത്തിലുള്ള ചാത്തനാട് പൊതുശ്മശാനത്തിൽ ഗ്യാസ് ഉപയോഗിച്ചുള്ള സംസ്കാരം പുനരാരംഭിക്കാത്തതിൽ പ്രതിഷേധം. വിറക് ഉപയോഗിച്ച് തുടർച്ചയായി സംസ്കാരങ്ങൾ നടക്കുന്നതിനാൽ പരിസരവാസികൾ അസ്വസ്ഥരാണ്.
പലതവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും പരിഹാരമുണ്ടാകാത്തതിനാൽ സമരത്തിലേക്ക് കടക്കുകയാണെന്ന് കോൺഗ്രസ് സനാതനം മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ചു.
സാങ്കേതിക തകരാറിനെത്തുടർന്ന് ഗ്യാസ് ക്രിമറ്റോറിയം പ്രവർത്തന രഹിതമായിട്ട് ആറ് മാസം പിന്നിട്ടു. 30 ലക്ഷത്തോളം മുടക്കി നിർമ്മിച്ച ക്രിമറ്റോറിയമാണ് ഉപയോഗശൂന്യമാകുന്നത്. ശ്മശാനം ജനവാസ കേന്ദ്രത്തിലായതിനാൽ ഇവിടെ നിന്നുയരുന്ന പുകയും മണവും പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. വിറകിൽ സംസ്‌കാരം പൂർണമാവാൻ അഞ്ച് മണിക്കൂറോളം വേണം. ഗ്യാസിലാണെങ്കിൽ ഒരു മണിക്കൂർ മതി. പ്രദേശവാസികൾ അന്ന് എതിർപ്പും പ്രകടിപ്പിച്ചിരുന്നില്ല.
# സമരത്തിലേക്ക്
കോൺഗ്രസ് സനാതനം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ബാബു ജോർജ്ജ് യോഗം ഉദ്ഘാടനം ചെയ്തു. മണ്‌ഡലം പ്രസിഡന്റ് ബി.ഷെഫിക്ക് അദ്ധ്യക്ഷത വഹിച്ചു
# പദ്ധതിച്ചെലവ്
പുതിയ ഗ്യാസ് ക്രിമറ്റോറിയം: 30 ലക്ഷം
പഴയത് അറ്റകുറ്റപ്പണി: 2 ലക്ഷം
ശ്മശാന നവീകരണം: 10 ലക്ഷം
# സംസ്‌കാര നിരക്ക്
ഗ്യാസ് ക്രിമറ്റോറിയം: 3500
വിറക്: 4500
ഗ്യാസ് ക്രിമറ്റോറിയത്തിന്റെ അറ്റകുറ്റപ്പണിക്കും പുതിയ ഒരു ക്രിമറ്റോറിയം കൂടി പണിയാനും ടെൻഡർ നടപടികൾ ആരംഭിച്ചു. പുക ഫിൽട്ടർ ചെയ്യുന്ന ടാങ്കിന് ചോർച്ചയുണ്ടായതിനെ തുടർന്നാണ് ക്രിമറ്റോറിയത്തിന്റെ പ്രവർത്തനം നിറുത്തിയത്
രാഖി രജികുമാർ, കൗൺസിലർ, തോണ്ടൻകുളങ്ങര വാർഡ്