
ആലപ്പുഴ: നാട്ടിലെ കലാകാരൻമാരുടെയും കായിക താരങ്ങളുടെയും കഴിവ് പ്രതിഫലിപ്പിക്കാൻ പഞ്ചായത്ത്, നഗരസഭ തലങ്ങളിൽ നടത്തുന്ന കേരളോത്സവങ്ങളിലെ ഏകാംഗ ഇനങ്ങളിൽ മത്സരിക്കാൻ വിരലിലെണ്ണാവുന്നവർ മാത്രം. ലളിതഗാനം, മാപ്പിളപ്പാട്ട്, നാടോടി നൃത്തം, പ്രച്ഛന്നവേഷം തുടങ്ങിയ ഇനങ്ങളിൽ പേരിനു മാത്രമാണ് പങ്കാളിത്തം. അതേസമയം ഫുട്ബാൾ, ക്രിക്കറ്റ്, കബഡി മത്സരങ്ങളിൽ നിരവധി ടീമുകൾ പങ്കെടുക്കുന്നുണ്ട്.
15 മുതൽ 40 വയസ് വരെയുള്ളവർക്ക് വേണ്ടിയാണ് തദ്ദേശതലത്തിൽ കേരളോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. അവതരണ കലകളിൽ കോളേജ് വിദ്യാർത്ഥികൾ സാന്നിദ്ധ്യം അറിയിക്കുന്നുണ്ടെങ്കിലും 25 വയസ് പിന്നിട്ടവരുടെ പങ്കാളിത്തം തുച്ഛമാണ്. ശാസ്ത്രീയമായി നൃത്തം അഭ്യസിച്ച യുവതീയുവാക്കൾ പോലും അരങ്ങിൽ നിന്ന് വിട്ടുനിൽക്കുന്ന സ്ഥിതിയാണെന്ന് സംഘാടകർ പറയുന്നു.
ഇതൊക്കെ ആരറിയുന്നു!
മത്സരങ്ങൾ നടക്കുന്ന വിവരം തങ്ങളാരും അറിഞ്ഞില്ലെന്നാണ് ഒരു പഞ്ചായത്തിലെ ചെറുപ്പക്കാർ പ്രതികരിച്ചത്. വിപുലമായ രീതിയിൽ നടത്തേണ്ട പരിപാടികൾക്ക് അർഹമായ പ്രചാരണം കൊടുക്കുന്നതിൽ സംഘാടകർ പരാജയമാണെന്നും ആക്ഷേപമുണ്ട്. 90കളിൽ കേരളോത്സവം ആരംഭിച്ച സമയത്ത് കലാകാരന്മാരുടെ പങ്കാളിത്തം ഏറെയുണ്ടായിരുന്നു. ഇപ്പോഴത്തെ കേരളോത്സവങ്ങളിൽ ഈ ഒരു താത്പര്യം ആരും കാട്ടുന്നില്ലെന്ന് സംഘാടകർ പറയുന്നു.
ഗ്രേസ് മാർക്ക് നൽകണം
കേരളോത്സവത്തിൽ പങ്കെടുക്കുന്ന യുവാക്കൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കുന്നതുകൊണ്ട് മറ്റ് പ്രയോജനങ്ങൾ ഇല്ലെന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ പി.എസ്.സി പരീക്ഷകളിൽ ഗ്രേസ് മാർക്ക് നൽകുന്ന സംവിധാനം വരണമെന്നുന മത്സരാർത്ഥികൾ ആവശ്യപ്പെടുന്നു. ഇത്തരത്തിൽ നിയമഭേദഗതി വന്നാൽ കലാ - കായിക ഇനങ്ങളിലെ പങ്കാളിത്തം വർദ്ധിക്കുമെന്നും അവർ അഭിപ്രായപ്പെടുന്നു.
ഞങ്ങളുടെ കാലത്ത് മത്സരാർത്ഥികളുടെ ബാഹുല്യമുണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. കലാപരമായ കഴിവുകളുള്ളവർ പോലും വേദിയിലെത്തുന്നില്ല. പി.എസ്.സി പരീക്ഷകളിൽ ഗ്രേസ് മാർക്കുൾപ്പടെ നൽകി സർക്കാർ പ്രോത്സാഹനം നൽകണം
രാജീവ്കുമാർ, മുൻ വർഷങ്ങളിലെ കേരളോത്സവ വിജയി