
# മിൽക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാം ക്ഷീരകർഷകർക്ക് തുണയാവും
ആലപ്പുഴ: പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമാക്കി ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന മിൽക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിൽ പ്രതീക്ഷയോടെ ക്ഷീര കർഷകർ. പശു, എരുമ എന്നിവയെ വാങ്ങാനും തൊഴുത്ത് നിർമ്മിക്കാനുമായി ചെലവഴിക്കുന്ന തുകയുടെ 90 ശതമാനം വരെ സബ്സിഡിയായി ക്ഷീരവികസന വകുപ്പ് നൽകുന്നതാണ് പദ്ധതി.
1, 2, 5, 10 എന്നിങ്ങനെ പശുക്കളുടെ എണ്ണം അനുസരിച്ച് ഡയറി യൂണിറ്റ് തിരിച്ചാണ് ആനുകൂല്യം. നിലവിൽ ഒന്നോ രണ്ടോ പശുക്കളെ വളർത്തുന്ന കർഷകർക്ക് പദ്ധതി പ്രയോജനകരമാണ്. ക്ഷീര സഹകരണ സംഘങ്ങളിൽ പാൽ അളക്കുന്നവർക്കും വനിത, എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാർക്കും പ്രത്യേക പരിഗണനയുണ്ട്. ഇത്തവണ 1001 യൂണിറ്റുകൾക്കായി 37.74 കോടിയുടെ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. ഇതിൽ ഒരു കോടി രൂപ സബ്സിഡിയായി കർഷകർക്ക് ലഭിക്കും. സംസ്ഥാനത്തിന് പുറത്തു നിന്നാവണം പശു, എരുമ എന്നിവയെ വാങ്ങേണ്ടത്. ഡോക്ടറുടെ സർട്ടിഫിക്കറ്റും ചെക്‌പോസ്റ്റിലെ പരിശോധന രേഖകളും അപേക്ഷയോടൊപ്പം ഹാജരാക്കണം. ബാങ്ക് വായ്പ എടുത്തിരിക്കണമെന്നു നിർബന്ധമില്ല. ഉണ്ടെങ്കിൽ പ്രത്യേക പരിഗണനയും ആനുകൂല്യവും ലഭിക്കും.
# വിവിധ വിഭാഗങ്ങൾ
ജീവിത മാർഗമായി ഒരു പശുവിനെ വളർത്താൻ ഉദ്ദേശിക്കുന്ന ദരിദ്ര വിഭാഗത്തിലെ സ്ത്രീകൾക്ക് പദ്ധതി ചെലവിനായി അനുവദിക്കുന്ന 1.06 ലക്ഷം രൂപയുടെ 90 ശതമാനം തുകയായ 95,400 രൂപ സബ്‌സിഡിയായി നൽകും. അഞ്ചു പശുക്കളുടെ 300 യൂണിറ്റാണ് ഇത്തവണ ആദ്യം ലക്ഷ്യമിടുന്നത്. ഓരോ യൂണിറ്റിനുമുള്ള 3.98 ലക്ഷം രൂപയിൽ 1.32 ലക്ഷം സബ്സിഡിയാണ്. 25 സെന്റ് സ്ഥലമെങ്കിലും പുൽകൃഷിക്കായി ഉണ്ടായിരിക്കണം. പത്തു പശുക്കളുടെ 90 യൂണിറ്റ് നടപ്പാക്കുമ്പോൾ യൂണിറ്റ് ഒന്നിനു വേണ്ട 8.36 ലക്ഷം രൂപയിൽ 2.76 ലക്ഷവും സബ്സിഡിയാണ്. 50 സെന്റെങ്കിലും പുൽകൃഷിക്ക് ഉണ്ടായിരിക്കണം.
# അപേക്ഷയുടെ രീതി
സ്വന്തം പേരിലുള്ള സ്ഥലത്തിന്റെ കരം അടച്ച രസീത് ഹാജരാക്കണം. 5, 10 പശുക്കളുള്ള ഫാം തുടങ്ങുന്നതിന് വാടക സ്ഥലവും പരിഗണിക്കും. അപേക്ഷകൾ ക്ഷീരശ്രീ ഓൺലൈൻ പ്ളാറ്റ്ഫോറം വഴി സമർപ്പിക്കണം. അടുത്തുള്ള ക്ഷീരസംഘങ്ങൾ, ബ്ളോക്ക് ഡയറി ഓഫീസുകൾ, ജില്ലാ ക്ഷീര വികസന ഓഫീസുകൾ എന്നിവയുമായി ബന്ധപ്പെട്ടാൽ കൂുതൽ വിവരങ്ങൾ ലഭിക്കും.
പദ്ധതിക്കുള്ള അപേക്ഷകൾ ക്ഷീരശ്രീ ഓൺലൈൻ പ്ളാറ്റ്ഫോറം വഴി സ്വീകരിക്കും. ലഭിച്ച അപേക്ഷകൾ ഡയറി ഇൻസ്പക്ടർമാർക്ക് പരിശോധനയ്ക്കായി കൈമാറി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അർഹത പട്ടിക തയ്യാറാക്കി ഡെപ്യൂട്ടി ഡയറക്ടറുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കും
സുസ്മിത, ജില്ലാ ക്ഷീര വികസന ഓഫീസർ, ആലപ്പുഴ
# കാറ്റഗറി, ആകെ യൂണിറ്റ്, അനുവദിക്കുന്ന തുക, സബ്സിഡി തുക എന്ന ക്രമത്തിൽ (തുക ലക്ഷത്തിൽ)
*ഒരുപശു.........................140...........1,48,400.........1,33,560
*രണ്ട് പശു, ഷെഡ്...........481...........6,78,210.........2,23,665
*അഞ്ചു പശു, ഷെഡ്......300...........11,94,000........3,96,000
*പത്തു പശു, ഷെഡ്.......90.............7,52,400..........2,48,400