ചാരുംമൂട്: നൂറനാട് പള്ളിക്കൽ പഞ്ചായത്തിനെ പത്തനംതിട്ട ജില്ലയിലെ അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ പൊലീസ് സംബന്ധമായ ആവശ്യങ്ങൾക്ക് നാട്ടുകാർ യാത്ര ചെയ്യേണ്ടിവരുന്നത് 18 കിലോമീറ്ററോളം. പഞ്ചായത്തിനോടു ചേർന്നുള്ള നൂറനാട് സ്റ്റേഷനിലോ കൊല്ലം ജില്ലയിലെ ചക്കുവള്ളി സ്റ്റേഷനിലോ എത്താൻ കേവലം രണ്ടോ മൂന്നോ കിലോമീറ്റർ മാത്രം യാത്ര ചെയ്താൽ മതിയെന്നിരിക്കെയാണ് ഈ ദുര്യോഗം.

പള്ളിക്കൽ മേഖലയിൽ അടിയന്തിര സാഹചര്യം ഉണ്ടായാൽ അടൂരിൽ നിന്നു പൊലീസിന് ഇവിടെയെത്താൻ ഏറെ നേരം വേണ്ടിവരും. പത്തനംതിട്ട ജില്ലയുടെ അതിർത്തി പഞ്ചായത്തായ പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലാണു കൂടുതൽ വാർഡുകളും ജനവാസ മേഖലകളും. മൂന്നു ജില്ലകളുടെ സംഗമ സ്ഥലമാണിവിടം. പള്ളിക്കൽ പഞ്ചായത്തിനോടു ചേർന്നു കിടക്കുന്ന തെങ്ങമം, കടമ്പനാട്, നെല്ലിമുകൾ പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ സ്റ്റേഷൻ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പള്ളിക്കൽ സ്വദേശി ലക്ഷ്മി ഭവനത്തിൽ രാമാനുജൻ കർത്ത മുഖ്യമന്ത്രിക്കു കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തരവകുപ്പ് സെക്രട്ടറി ജില്ലാ പൊലീസ് മേധാവിക്ക് വിഷയം അന്വേഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത സാമ്പത്തിക വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നു തുക വകയിരുത്തി പള്ളിക്കൽ കേന്ദ്രമായി പുതിയ പൊലീസ് സ്റ്റേഷനു വേണ്ടി കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ.