 
അമ്പലപ്പുഴ: കേന്ദ്ര സംസ്ഥാന സർക്കാരുകൾ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തകർക്കാൻ ശ്രമിക്കുകയാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. എം. ലിജു ആരോപിച്ചു. തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുക, വേതനം കൃത്യമായി നൽകുക, മിനിമം വേതനം 500 രൂപയാക്കുക, തൊഴിലുറപ്പു തൊഴിലാളികളെ ഇ.എസ്.ഐ ആനുകൂല്യത്തിന്റെ പരിധിയിൽപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും തൊഴിലുറപ്പു തൊഴിലാളി കോൺഗ്രസിന്റെയും നേതൃത്വത്തിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് ടി.എ. ഹാമിദ് അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ജോബ്, ഡി.സി.സി സെക്രട്ടറി എസ്.സുബാഹു, മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു, ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റ് എം.എച്ച്. വിജയൻ, എ.ആർ. കണ്ണൻ, മൈക്കിൾ പി.ജോൺ, ജി. പ്രകാശൻ എന്നിവർ സംസാരിച്ചു.