s

ആലപ്പുഴ: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്ന് മുതൽ 23 വരെ ആലപ്പുഴ നഗരത്തിൽ നടക്കും. ഇന്ന് വിവിധ സ്ഥലങ്ങളിൽ നിന്ന് ആരംഭിക്കുന്ന കൊടിമര ജാഥകൾ വൈകിട്ട് അഞ്ചിന് സമ്മേളന വേദിയായ ഇ.എം.എസ് സ്‌റ്റേഡിയത്തിൽ എത്തിച്ചേരും. തുടർന്ന് സ്വാഗതസംഘം ചെയർപേഴ്സൺ കെ.ജി. രാജേശ്വരി പതാക ഉയർത്തും. 21 ന് രാവിലെ പാതിരപ്പള്ളി കാംലോട്ട് കൺവൻഷൻ സെന്ററിൽ നടക്കുന്ന പ്രതിനിധി സമ്മേളനം അസോസിയേഷൻ ദേശീയ വൈസ്. പ്രസിഡന്റ് സുഭാഷിണി അലി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. വൈകിട്ട് നാലിന് വർഗീയതയും സമകാലീന ഇന്ത്യയും എന്ന വിഷയത്തിലുള്ള സെമിനാർ പ്രൊഫ. മാലിനി ഭട്ടാചാര്യ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷത വഹിക്കും. 22 ന് പ്രതിനിധി സമ്മേളനം തുടരും. 23 ന് വൈകിട്ട് മൂന്നിന് വിവിധ സ്ഥലങ്ങളിൽ നിന്ന് ആരംഭിക്കുന്ന പ്രകടനത്തിൽ ലക്ഷക്കണക്കിന് പ്രവർത്തകർ പങ്കെടുക്കും. തുടർന്ന് ഇ.എം.എസ് സ്‌റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനം ബൃന്ദാകാരാട്ട് ഉദ്ഘാടനം ചെയ്യും. മറിയം ധാവ്‌ള, പുണ്യവതി, പി.കെ. ശ്രീമതി, കെ.കെ. ഷൈലജ, പി. സതീദേവി, മന്ത്രിമാരായ ആർ. ബിന്ദു, വീണ ജോർജ് എന്നിവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ അഡ്വ. സി.എസ്. സുജാത, പ്രഭാ മധു, ജി. രാജമ്മ, ലീലാ അഭിലാഷ് എന്നിവർ പങ്കെടുത്തു.