 
ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേ പാലത്തിലും സമാന്തര നടപ്പാലത്തിലും വളർന്നിറങ്ങിയ കുറ്റിക്കാടുകളിലെ ഇഴജന്തുക്കൾ കാൽനട യാത്രക്കാർക്ക് ഭീഷണിയാവുന്നു. കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ യാത്ര ചെയ്യുന്ന ഭാഗത്താണിത്.
ദേശീയപാത നിരത്ത് വിഭാഗത്തിന്റെ നേതൃത്വത്തിൽ വർഷത്തിലൊരിക്കൽ കുറ്റിക്കാടുകൾ വെട്ടിമാറ്റിയിരുന്നു. ദേശീയപാത ആറുവരിയാക്കുന്ന ജോലികൾ പുരോഗമിക്കുന്നതിനാൽ ദേശീയപാത അതോറിട്ടി ഫണ്ട് അനുവദിക്കാത്തതാണ് നിലവിലെ പ്രതിസന്ധി. സ്പിൽവേ പാലത്തിൽ കാൽനട യാത്രികർ നിരന്തരം അപകടത്തിൽപ്പെടുന്നതിന് പ്രതിവിധിയായിട്ടാണ് സമാന്തരപാലം നിർമ്മിച്ചത്. പല്ലന, തോട്ടപ്പള്ളി നാലുചിറ ഹൈസ്‌കൂളുകളിലെ കുട്ടികൾ സ്പിൽവേയിലെ ഭീഷണിയിൽ നിന്ന് സുരക്ഷിതരായി സഞ്ചരിക്കുന്നത് നടപ്പാലത്തിലൂടെയാണ്. പക്ഷേ, പാലത്തിലെ കുറ്റിക്കാട്ടിൽ അണലി ഉൾപ്പെടെയാണ് പതിയിരിക്കുന്നത്.
തോട്ടപ്പള്ളി ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റും പാലത്തിലെ വഴിവിളക്കുകളും മിക്ക ദിവസങ്ങളിലും തെളിയാറില്ല. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ താവളമാണ് പ്രദേശം. തോട്ടപ്പള്ളി ജംഗ്ഷന് കിഴക്ക് ഭാഗത്ത് ഡ്രഡ്ജ് ചെയ്തിട്ടിരിക്കുന്ന മണൽ ഇരുട്ടിന്റെ മറവിൽ വാഹനങ്ങളിൽ കടത്തുന്നതും പതിവാണ്. വഴിവിളക്ക് തെളിയാത്ത വിവരം പലതവണ ഇറിഗേഷൻ വിഭാഗത്തെയും വൈദ്യുതി വകുപ്പിനെയും അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. പാലത്തിലും തോട്ടപ്പള്ളി ജംഗ്ഷനിലും വഴിവിളക്ക് സ്ഥാപിക്കാൻ മുൻ മന്ത്രി ജി.സുധാകരനാണ് മുൻകൈയെടുത്തത്. ഒന്നര വർഷം തികയും മുമ്പ് ലൈറ്റ് തകരാറിലായി.
# ഇരുളിൽ മാലിന്യ നിക്ഷേപവും
പാലം ഇരുട്ടിലായതിനാൽ രാത്രികാലങ്ങളിൽ ഇവിടെ അറവ് മാലിന്യം നിക്ഷേപിക്കുന്നത് പതിവാണ്. പുറമേ പീലിംഗ് ഷെഡുകളിൽ നിന്നുള്ള മാലിന്യങ്ങൾ കായലിൽ തള്ളാനും പാലത്തിലെ ഇരുട്ട് മറയാക്കുന്നു. അവശിഷ്ടങ്ങൾ നടപ്പാതയിൽ വീണ് അഴുകിക്കിടക്കുന്നതിനാൽ വല്ലാത്ത ദുർഗന്ധവുമുണ്ട്. രാത്രിയിലെ ചാരായ കൈമാറ്റത്തിന് സ്പിൽവേ പാലവും സമീപ പ്രദേശങ്ങളും കേന്ദ്രമാകുന്നുണ്ട്.
പാലത്തിലെ പുൽക്കാടുകൾ വെട്ടിമാറ്റണം. പാലത്തിലെ ലൈറ്റുകളും തോട്ടപ്പള്ളി ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റും തെളിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം
പ്രതാപൻ, തോട്ടപ്പള്ളി നിവാസി