
# ചൈത്ര തെരേസ ജോൺ ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റു
ആലപ്പുഴ: ജില്ലാ പൊലീസ് മേധാവിയായി ചൈത്ര തെരേസ ജോൺ ചുമതലയേറ്റു. ജില്ലയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിൽ നിന്നു ഇന്നലെ ഉച്ചയോടെയാണ് ചുമതലയേറ്റത്. 2016 ഐ.പി.എസ് ബാച്ചുകാരിയാണ് കോഴിക്കോട് ഈസ്റ്റ് ഹിൽ സ്വദേശിയായ ചൈത്ര തെരേസ ജോൺ. സംസ്ഥാനത്ത് നക്‌സൽ വിരുദ്ധ സ്‌ക്വാഡിന്റെ നേതൃത്വത്തിലെത്തിയ ആദ്യ ഉദ്യോഗസ്ഥയാണ്. ഭീകരവിരുദ്ധ സ്‌ക്വാഡിലേക്കു പോകുന്ന മുൻ മേധാവി ജി. ജയ്‌ദേവ് ഇപ്പോൾ ഹൈദരാബാദിൽ പരിശീലനത്തിലാണ്. ചൈത്ര 'കേരളകൗമുദി'യുമായി സംസാരിക്കുന്നു...
? ആലപ്പുഴയിലേക്ക് എത്തുമ്പോൾ
ഒട്ടും പരിചിതമല്ലാത്ത നഗരം. അടുത്ത പ്രദേശമായ കോട്ടയത്ത് എ.എസ്.പിയായി പ്രവർത്തിച്ചിരുന്നു. ആലപ്പുഴ നഗരം മനോഹരമാണ്. വിനോദ സഞ്ചാരത്തിന്റെ ഈറ്റില്ലമായ ഇവിടെ ജോലി ചെയ്യാൻ സാധിക്കുന്നത് ഭാഗ്യമാണ്. നഗരത്തിനൊപ്പം ഇഴുകിച്ചേർന്ന് പ്രവർത്തിക്കും.
? ആദ്യമായല്ലേ ജില്ലാ പൊലീസ് മേധാവിയാകുന്നത്
അതെ. മികച്ച രീതിയിൽ ക്രമസമാധാനപാലനം നിർവഹിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇനി കാര്യങ്ങൾ പഠിച്ചെടുക്കണം. നഗരത്തെ തിരിച്ചറിയുക എന്നതാണ് ആദ്യ കടമ്പ. വിവാദങ്ങളെ ഭയപ്പെടുന്നില്ല.
? ജില്ലയിലെ ക്രമസമാധാന വിഷയങ്ങൾ
വലിയ ക്രമസമാധാന പ്രശ്‌നങ്ങളൊന്നുമില്ല. കഴിഞ്ഞ വർഷം രാഷ്‌ട്രീയ കൊലപാതകങ്ങൾ നടന്ന സമയം അടുക്കുന്നു. കേസിന്റെ വിചാരണ നടപടികൾ കോടതിയിൽ എത്താറായി. ഒരു വീഴ്ചയുമില്ലാതെ കുറ്റക്കാർക്കെതിരെ ശക്തമായി മുന്നോട്ടു പോകും. ലഹരി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത് ശ്രദ്ധിയിൽപ്പെട്ടിട്ടുണ്ട്. അതിനെതിരെയുള്ള പോരാട്ടം ശക്തമാക്കും.
? വലിയ ഗതാഗതക്കുരുക്കാണ് ആലപ്പുഴ നഗരത്തിൽ
ഇന്നലെ ജോലിയിൽ പ്രവേശിക്കാനെത്തിയപ്പോൾ ഗതാഗതക്കുരുക്ക് നേരിട്ട് മനസിലാക്കാൻ സാധിച്ചു. അതിനുള്ള പരിഹാര മാർഗങ്ങൾ വൈകാതെ കണ്ടെത്തും.
? സ്‌ത്രീകൾ, കുട്ടികൾ എന്നിവർക്കെതിരെയുള്ള അതിക്രമങ്ങൾ
കുട്ടികളാണ് കൂടുതൽ അതിക്രമങ്ങൾ നേരിടുന്നത്. പലപ്പോഴും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാറില്ല. ബീച്ചുകളിലും ബസുകളിലും ഉൾപ്പെടെ പൊലീസിന്റെ സാന്നിദ്ധ്യം കൂടുതൽ ഉറപ്പാക്കും. പരാതികളിൽ അതിവേഗ നടപടികൾ സ്വീകരിക്കും.