
ചേർത്തല: റോഡ് മറികടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗവും തണ്ണീർമുക്കം പഞ്ചായത്ത് ആറാം വാർഡ് മെമ്പറുമായ 14 -ാം വാർഡ് മാധവത്തിൽ സാനു സുധീന്ദ്രൻ (66) മരിച്ചു. വ്യാഴാഴ്ച വൈകിട്ട് കട്ടച്ചിറ പാലത്തിന് കിഴക്കായിരുന്നു അപകടം.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. ബി.ജെ.പി ചേർത്തല നിയോജക മണ്ഡലം പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി തുടങ്ങി നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്. മൂന്ന് തവണ പഞ്ചായത്ത് അംഗമായിരുന്നു. ഗവ. താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വിലാപയാത്രയോടെയാണ് മൃതദേഹം കൊണ്ടുപോയത്. തുടർന്ന് തണ്ണീർമുക്കം പഞ്ചായത്ത് അങ്കണത്തിലും വീട്ടിലും പൊതുദർശനത്തിന് വച്ചു. 6.30 ഓടെ സംസ്‌കരിച്ചു. കേന്ദ്രമന്ത്റി വി. മുരളീധരൻ, കൃഷിമന്ത്റി പി. പ്രസാദ്, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, എ.എം. ആരിഫ് എം.പി, ബി.ജെ.പി ദേശീയ കൗൺസിൽ അംഗം വെള്ളിയാകുളം പരമേശ്വരൻ, ദക്ഷിണ മേഖലാ പ്രസിഡന്റ് കെ.സോമൻ, ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, ജനറൽ സെക്രട്ടറിമാരായ എൽ.പി. ജയചന്ദ്രൻ, വിമൽ രവീന്ദ്രൻ, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ്. ജ്യോതിസ്, പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ.പ്രസാദ്, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, കെ.പി.സി.സി സെക്രട്ടറി എസ്.ശരത്, സി.പി.ഐ ദേശീയ കൗൺസിൽ അംഗം ടി.ടി. ജിസ്‌മോൻ തുടങ്ങി നിരവധി പേർ അന്തിമോപചാരമർപ്പിച്ചു. ഭാര്യ: സബിത സാനു.
മക്കൾ: ദേവിക (വിപ്രോ), ഗോപിക. മരുമകൻ: രാഖിൽ രാജ് (ഇൻഫോപാർക്ക്,കൊച്ചി).