tur

തുറവൂർ: ചമ്മനാട് പുതിയകോവിൽ ശാസ്താക്ഷേത്രത്തിൽ മോഷണം നടത്തിയ അന്യസംസ്ഥാന തൊഴിലാളികളെ റിമാൻഡ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശി മുഹമ്മദ് അസാം സർദാർ (22), കർണാടക ബംഗലുരു സ്വദേശി ലിറ്റോ (30) എന്നിവരെയാണ് ചേർത്തല കോടതി റിമാൻഡ് ചെയ്തത്. ദേശീയ പാതയ്ക്കരികിലെ നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആക്രി പെറുക്കി വിൽക്കുന്നവരായ ഇവർ രണ്ടു പേരും മോഷണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കുടുങ്ങിയത്. കുത്തിയതോട് പൊലീസിന്റെ നേതൃത്വത്തിൽ പ്രതികളെ ക്ഷേത്രത്തിലെത്തിച്ചു തെളിവെടുത്തു. മുച്ചക്ര വാഹനത്തിൽ കടത്തിയ മോഷണമുതൽ ഇവർ താമസിച്ചിരുന്ന കോന്നനാട് പരിസരത്തെ കുളത്തിൽ നിന്നു കണ്ടെടുത്തു. തൂക്കുവിളക്ക്, ചെറിയതും വലിയതുമായ ഉരുളികൾ, പൂജാ പാത്രങ്ങൾ, താമ്പാളം, വലിയ ചെമ്പ്, അണ്ടാവ്, വെള്ളികെട്ടിയ ശംഖ് എന്നിവയാണ് മോഷണം പോയത്.